ലണ്ടന്‍: ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ബോറിസ് ജോണ്സണ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ഇന്ത്യന്‍ വംശജനായ ധനമന്ത്രി ഋഷി സുനക്, പാക്ക് വംശജനായ ആരോഗ്യ മന്ത്രി സാജിദ് ജാവിദ് എന്നവരാണ് രാജിക്കത്ത് നല്‍കിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി വെളിപ്പെടുത്തിയാണ് ഇരുവരും രാജിവച്ചത്. ഇന്‍ഫോസിസ് സ്ഥാപക ചെയര്മാന് എന്‍.ആര്. നാരായണമൂര്‍ത്തിയുടെ മരുമകനാണ് ഋഷി സുനക്.
ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്സന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്സണ് ചീഫ് വിപ്പായി നിയമിച്ചിരുന്നു. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനാണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തില്‍ പിന്നീട് ബോറിസ് ജോണ്സണ് രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്സണ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ രാജി.
”നല്ല നിലയില്‍ മുന്നോട്ടു പോകാന്‍ ഇനി ബോറിസ് ജോണ്സന് സാധിക്കില്ലെ”ന്ന പ്രഖ്യാപനത്തോടെ ആരോഗ്യ മന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി ഋഷി സുനകും ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാരില്‍നിന്ന് പിന്മാറുന്നതില് സങ്കടമുണ്ടെങ്കിലും ഇത്തരത്തില്‍ നമുക്ക് മുന്നോട്ടുപോകാനാകില്ലെന്ന് സുനക് രാജിക്കത്തില്‍ കുറിച്ചു.
ഇതോടെ ബോറിസ് സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണ് രാജ്യത്തുയരുന്നത്. ബോറിസ് ജോണ്‍സനെതിരെ സ്വന്തം കക്ഷിയിലെ വിമത എംപിമാര്‍ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ മാസം ആദ്യം പരാജയപ്പെട്ടിരുന്നു. 148 നെതിരെ 211 വോട്ടു നേടിയാണ് ബോറിസ് ജോണ്സന് അധികാരത്തുടര്‍ച്ച ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: