കൊല്ലം: റൂബിക്സ് ക്യൂബില്‍ വിസ്മയം തീര്‍ക്കുകയാണ് ഓയൂര്‍ കല്ലിടുക്കില്‍ പനവിള വീട്ടില്‍ ബിജുക്കുട്ടിയുടെ മകനായ അഫാന്‍കുട്ടി. കണ്ണുകെട്ടി റൂബിക്സ് ക്യൂബില്‍ മിനിട്ടുകള്‍കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവയ്‌ക്കുന്നു പ്ലസ് ടു വിദ്യാര്‍ഥിയായ അഫാന്‍.
കുടുംബം മുംബൈയില്‍ സ്ഥിരതാമസമാണെങ്കിലും വേരുകള്‍ കൊല്ലം ജില്ലയിലെ പൂയപ്പള്ളി ഓയൂരിലാണ്. പിതാവിന്റെ ജന്മനാടായ ഓയൂരില്‍ എത്തിയ അഫാന് നാട്ടില്‍ വന്‍സ്വീകരണമാണ് കിട്ടിയത്. മൊബൈല്‍ ഫോണിലും ഗെയിമുകള്‍ക്കും ടിക് ടോക്കിനും അടിമയായി മാറിയ കുട്ടിയായിരുന്നു അഫാന്‍. അഫാന്റെ ജീവിതം വഴി തിരിച്ചു വിട്ടത് അച്ഛന്‍ ബിജുക്കുട്ടിയാണ്. മകന് റൂബിക്സ് ക്യൂബ് നല്‍കി രണ്ടു ദിവസം കൊണ്ട് ക്യൂബ് റിസോള്‍വ് ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഇത്. അഫാന്‍ ആ ചലഞ്ച് ഏറ്റെടുത്ത് വിജയിക്കുകയും ചെയ്തു. അതോടെ അഫാന്റെ ജീവിതം മാറി മറിഞ്ഞു. അഫാന് റൂബിക്സ് ഒരു പസില്‍ ഗയിം മാത്രമല്ല. ഇപ്പോള്‍ ജീവിതം മാറ്റിമറിച്ച ഒരു ഗയിം കൂടിയാണ്. ഇതിനോടകം നിരവധി റിക്കാര്‍ഡുകളും അഫാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഗിന്നസ് റിക്കാര്‍ഡാണ് അടുത്ത ലക്ഷ്യം. അത് നേടിയെടുക്കാന്‍ അഫാന്‍ തീവ്രപരിശ്രമത്തിലാണ്. ഷൈലാകുട്ടിയാണ് മാതാവ്. സഹോദരന്‍ റഹിയാന്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: