കൊല്ലം: തൊട്ടാല്‍ പൊള്ളുന്ന വിലയുമായി മത്സ്യവിപണി. സമീപകാലത്തൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത വിലക്കയറ്റത്തിലൂടെയാണ് വിപണി കടന്നുപോകുന്നത്. ട്രോളിങ് നിരോധനം ആരംഭിച്ചതോടെയാണ് വില കുതിച്ചത്. മത്സ്യലഭ്യത കുറഞ്ഞതും വിലക്കൂടുതലും സാധാരണ കച്ചവടക്കാരെയും ജനങ്ങളെയും ബാധിച്ച് തുടങ്ങി. മീന്‍ ലഭ്യത കുറഞ്ഞതോടെ പച്ചക്കറിയെ ആശ്രയിക്കാമെന്ന് വച്ചാല്‍ അവിടെയും പൊന്നും വില.
മീന്‍ വില കിലോയ്ക്ക് 150 രൂപ മുതല്‍ കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു. ഒരേ മീനിന് പലവിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. വീടുകളില്‍ കൊണ്ടു നടന്ന് വില്പന നടത്തുന്നവര്‍ക്ക് ഒരു വില, ചന്തകളില്‍ മറ്റൊരു വില, ഫിഷ് സ്റ്റാളുകളില്‍ വേറൊരു വിലയുമാണ് ഈടാക്കുന്നത്.
ട്രോളിങ്നിരോധന കാലത്ത് മീനിന് വില വര്‍ധിക്കുന്നത് പതിവാണ്. എന്നാല്‍, ഇത്തവണ ട്രോളിങ് ആരംഭിച്ച ദിവസങ്ങളില്‍ തന്നെ കടലേറ്റം രൂക്ഷമായി. ചെറുവള്ളങ്ങള്‍ക്ക് കടലില്‍പ്പോകാന്‍ കഴിഞ്ഞില്ല. ഇത് മീനിന്റെ ലഭ്യത കുറച്ചു. അതോടെ വിലയും നിയന്ത്രാണാതീതമായി വര്‍ധിച്ചു. കുറച്ചു മീനുകള്‍ മാത്രമാണ് തീരത്തെത്തുന്നത്. ചന്തകളില്‍ മീനിന്റെ വരവ് കുറഞ്ഞതോടെ കച്ചവടക്കാരും എത്താതായി. പലയിടത്തും ഇപ്പോള്‍ പകുതി കച്ചവടക്കാരാണെത്തുന്നത്. കായല്‍ മീനുകളും വളര്‍ത്തുമീനുകളും ട്രോളിങ് ആരംഭിച്ചതോടെ ചന്തയിലെത്തുന്നുണ്ട്.
കടലേറ്റം രൂക്ഷമായതോടെ പരവൂര്‍, വാടി, ഇരവിപുരം, ചവറ, നീണ്ടകര, അഴിക്കല്‍, ചെറിയഴിക്കല്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ കടലില്പ്പോകുന്നില്ല. തീരവും വറുതിയിലാണ്. വള്ളങ്ങള്‍ പോകാതായതോടെ മീനിന്റെ വരവ് കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. പലരും കൂടിയ വിലയ്ക്കാണ് മീനെടുക്കുന്നത്. നഷ്ടമില്ലാത്തതരത്തില് വില്‍ക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ വില ഈടാക്കാറില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.
ട്രോളിംഗ് നിരോധനത്തോടെ വളര്‍ത്തുമത്സ്യങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് ചാകരയായി. തിലാപ്പിയ, വാള, അനാബസ്, കാര്‍പ്പിനങ്ങള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. കൊവിഡ് വരുത്തിവച്ച പ്രതിസന്ധിയെ തുടര്‍ന്ന് മത്സ്യക്കൃഷിയിലൂടെ വരുമാനമുണ്ടാക്കാം എന്ന പ്രതീക്ഷയില്‍ ഈ മേഖലയിലേക്ക് തിരിഞ്ഞവരാണ് ഏറെയും. ഇവിടെയും ഏകീകൃതവില സംവിധാനമില്ലാത്തത് കൊള്ളയടിക്ക് തുല്യമാകുന്നതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: