കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആഗസ്തില്‍ കമ്മിഷന്‍ ചെയ്യും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഭിമാനമായ ഈ പടക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സമുദ്ര പരീക്ഷണങ്ങള്‍ക്കായി വിക്രാന്ത് ശനിയാഴ്ച പുറപ്പെട്ടു. ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണ് യാത്ര.
കമ്മിഷന്‍ ചെയ്യുന്നതിന് മുമ്പ് വിക്രാന്ത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ സമുദ്ര പരീക്ഷണം. ഇതിന് മുമ്പ് നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയകരമായിരുന്നു. നാലാം ഘട്ട സമുദ്രപരീക്ഷണം രണ്ടാഴ്ചയോളം നീളും. പല വേഗത്തില്‍ ഓടിച്ചും അതിവേഗത്തില്‍ ഗതിമാറ്റിയുമെല്ലാമുള്ള പരീക്ഷണങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുക.
കപ്പലില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍, റഡാറുകള്‍, ദിശാനിര്‍ണയ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. വിക്രാന്ത് കമ്മിഷന്‍ ചെയ്ത ശേഷമായിരിക്കും യുദ്ധവിമാനങ്ങള്‍ കപ്പലില്‍ ഇറക്കാനും പറത്താനുമുള്ള പരീക്ഷണങ്ങള്‍. ഗോവയിലെ ഫൈറ്റര്‍ പ്ലെയിന്‍ സ്‌ക്വാഡ്രനിലാകും ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുക. ഈ പരീക്ഷണങ്ങള്‍ക്കായി കപ്പല്‍ ചിലപ്പോള്‍ ഗോവയിലേക്കും കൊണ്ടുപോകും.
ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് വിക്രാന്ത്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. നിര്‍മ്മാണ ചെലവ് ഏകദേശം 23,000 കോടി രൂപ. 20 യുദ്ധ വിമാനങ്ങളും 10 ഹെലികോപ്ടറുകളും അടക്കം 30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈലാണ് പരമാവധി വേഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: