മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവങ്ങള്‍, ഒരു സംശയവുമില്ല, ചരിത്രത്തിലെ തെറ്റുതിരുത്തലാണ്. കൊടിയ രാഷ്ട്രീയ വഞ്ചകര്‍ക്ക് എന്താണ് അനുഭവം എന്നതും അത് കാണിച്ചുതരുന്നു. അതിനൊപ്പം ഹിന്ദുത്വത്തിന്റെ പേരില്‍ പിറവിയെടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തെ ഒരു തലമുറക്ക് എങ്ങിനെ തകര്‍ക്കാനാവും എന്നതും പഠിപ്പിച്ചുതന്നു. ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ പുതിയ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയോടല്ല യഥാര്‍ഥത്തില്‍ ബാലാസാഹേബ് താക്കറെയോടാണ് നന്ദി പറയേണ്ടത്; അദ്ദേഹം പഠിപ്പിച്ചു വളര്‍ത്തിക്കൊണ്ടുവന്ന തലമുറ ഇന്നുമവിടെയുണ്ടെന്നതില്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ബാലാസാഹേബിന്റെ മക്കളെക്കാള്‍ അന്തസ്സുള്ള ആദര്ശവാദികളായി, ഹിന്ദുത്വാഭിമാനികളായി അവര്‍ ഇന്നും നിലകൊള്ളുന്നു എന്നതില്‍…, ഭാരതാംബയുടെ പുണ്യമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ.
ആദ്യമേ പറയട്ടെ, ഉദ്ധവ് താക്കറെയുടെ ചെയ്തികളില്‍, നിലപാടുകളില്‍ പലപ്പോഴും സംശയമുണ്ടായിട്ടുണ്ട്. തന്റെ പിതാവിന്റെ കാലടിപ്പാടുകളെ സ്പര്‍ശിച്ചുകൊണ്ട് രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്ത അദ്ദേഹത്തിന് ഒരിക്കലും പിതാവിന്റെ മഹത്വം തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. രാജ് താക്കറെയെ പറഞ്ഞുവിട്ട മുഹൂര്‍ത്തം മുതല്‍ അതു തുടങ്ങുന്നു. ജീവിച്ചിരിക്കുന്ന മറാത്താ സിംഹത്തിന്റെ പിന്തുടര്ച്ചാവകാശം ആര്‍ക്കാണ് വേണ്ടത് എന്നതാണല്ലോ ഉദ്ധവിനെ അന്നു അലട്ടിയത്. രാജ് താക്കറെ എന്ന കരുത്തന് മുന്നില്‍ താന്‍ ഒന്നുമല്ലെന്ന് അന്നേ ഉദ്ധവ് സ്വയം വിലയിരുത്തിയിരുന്നു, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിരുന്നു. 2005- ലാണിത് എന്നതോര്‍ക്കുക. ബാല്‍ താക്കറെയ്ക്ക് ഒരു തറവാടിത്തം ഉണ്ടായിരുന്നു, എന്തിലും നിലപാടുകളുണ്ടായിരുന്നു. 1989 മുതല്‍ അവര്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. മുംബൈ കേന്ദ്രീകൃത മറാത്താ രാഷ്ട്രീയത്തില്‍ നിന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്കും ദേശീയ രാഷ്ട്രീയത്തിലേക്കും അവരെ നയിച്ചതില്‍ ബിജെപി നേതൃത്വത്തിന് വലിയ റോളുണ്ടായിരുന്നു. വാജ്പേയിയും അദ്വാനിയും മറ്റുമായി താക്കറെക്കുണ്ടായിരുന്ന സ്നേഹവും അടുപ്പവും; അതിലേറെ പ്രമോദ് മഹാജന് എന്ന രാഷ്ട്രീയ നേതാവിന്റെ കാഴ്ചപ്പാടുകളും. ബാല്‍ താക്കറെയെ ബിജെപിയുടെയൊടൊപ്പം എത്തിച്ചതില്‍ മഹാജനുള്ള റോള്‍ അടല്‍ജിയും അദ്വാനിജിയും സ്മരിക്കുന്നത് കേട്ടിട്ടുണ്ട്. ബാലാസാഹെബിന് മഹാജനെ അത്രക്ക് വിശ്വാസവുമായിരുന്നു.
മഹാരാഷ്ട്രയില്‍ രണ്ടു കക്ഷികളും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് കൊടുത്തു. എന്നാല്‍ അവര്‍ക്കിടയില്‍ നിന്ന് ആരാണ് മുഖ്യമന്ത്രിയാവേണ്ടത് എന്നത് മഹാജന്റെ കൂടി നിലപാടറിഞ്ഞുകൊണ്ടാണ് താക്കറെ തീരുമാനിച്ചത് എന്നത് പരസ്യമായ രഹസ്യമായിരുന്നല്ലോ. അങ്ങിനെയാണ് മനോഹര്‍ ജോഷി അന്ന് മുഖ്യമന്ത്രിയും ഗോപിനാഥ് മുണ്ടെ ഉപ മുഖ്യമന്ത്രിയുമായത്. ഏത് വിഷയത്തിലും ഒരേ നിലപാടെടുക്കാനും ഒന്നിച്ചു പോകാനും അനവധി വര്‍ഷങ്ങളോളം രണ്ടു പാര്‍ട്ടികള്‍ക്കും സാധിക്കുകയും ചെയ്തു. പഴയ ചരിത്രമൊന്ന് സൂചിപ്പിച്ചുവെന്നേയുള്ളൂ.
ഉദ്ധവിനെ വിശ്വസിച്ചത് തെറ്റായിപ്പോയോ ?
ബാല്‍ താക്കറെയ്ക്ക് ഏത് വിഷയത്തിലും ഒരു വാക്കേയുണ്ടായിരുന്നുള്ളൂ. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ആശയക്കുഴപ്പമൊന്നുമില്ലായിരുന്നു. നിലപാടുകള്‍ കര്‍ക്കശമാണ് എന്നതിനൊപ്പം വ്യക്തവുമായിരുന്നു. അതിലൊക്കെ എന്നും ഒരു ദേശീയ താല്പര്യം നിഴലിച്ചിരുന്നു എന്നതും പറയാതിരിക്കാനാവുകയില്ല. അതുകൊണ്ട് രാഷ്ട്രീയ രംഗത്ത് വിരുദ്ധചേരിയില്‍ നില്‍ക്കുന്നവരുമായിപ്പോലും നല്ല ബന്ധങ്ങള്‍ സൂക്ഷിച്ചപ്പോഴും ‘ഹിന്ദുത്വ ഐഡന്റിറ്റി’ കളഞ്ഞുകുളിക്കാന്‍ പോയിട്ട് അക്കാര്യത്തില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാന്‍ പോലും ബാലാസാഹേബ് സന്നദ്ധമായിരുന്നില്ല, ജീവിതാന്ത്യം വരെയും. ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അദ്ദേഹമെതിര്‍ത്ത പോലെ ആരെങ്കിലും മഹാരാഷ്ട്രയില്‍ ചെയ്തിട്ടുണ്ടാവുമെന്ന് കരുതിക്കൂടാ. ആ വിമര്‍ശനങ്ങളുടെ ശക്തി പറഞ്ഞറിയിക്കുകവയ്യ. അതേസമയം ശരദ് പവാറുമായി ഊഷ്മള ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും പവാറിനെ കാണാന്‍ അങ്ങോട്ട് പോയിട്ടില്ല; തന്നെ കാണേണ്ടവര്‍ ‘മാതോശ്രീ’ യിലെത്തണം എന്നതുതന്നെയായിരുന്നു സമീപനം. അഡ്വാനിജിയെപ്പോലുള്ളവര് പോലും ആ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് മുന്നോട്ട് പോയത്. ഇതും ചരിത്രമാണ്.
ഇനിവേണം നമുക്ക് ബാലാസാഹേബിന്റെ ഇന്നത്തെ തലമുറയെ വിലയിരുത്താന്‍. ശിവസേന എന്ന പാര്‍ട്ടിയെ ബാല്‍ താക്കറെക്ക് മുമ്പും പിന്‍പും എന്ന നിലക്ക് കാണാതെ ഒരു രാഷ്ട്രീയ നിരീക്ഷകന് പോകാനാവുകയില്ല. ബാലാസാഹെബിന് ശേഷം അത് തകര്‍ന്നു എന്ന് പറഞ്ഞുകൂടെങ്കിലും വലിയ നേതൃത്വ പ്രതിസന്ധി അതിലുണ്ടായിരുന്നു. ഉദ്ധവ് താക്കറെക്ക് സ്വന്തം നിലയ്ക്ക് നിലപാടെടുക്കാന്‍ സാധിക്കാത്ത സാഹചര്യം. അദ്ദേഹം ആശ്രയിച്ചത് മനസുറക്കാത്തവന് എന്ന് ശിവസേനക്കാര്‍ പറയുന്ന മകനിലാണ്. സ്വന്തം നിലപാടുകളില്‍, സ്വന്തം കഴിവിലോക്കെ വിശ്വാസമില്ലാത്ത ഒരു നേതാവായി ഉദ്ധവ് മാറിയിരുന്നു എന്നതാണ് വസ്തുത. ബിജെപി നേതാക്കളെ അലട്ടിയിരുന്ന പ്രധാന പ്രശ്നവും അതാണ്. നല്ല രാഷ്ട്രീയക്കാര്‍ ആ പാര്‍ട്ടിയിലുണ്ട്. എന്നാലവര്‍ക്ക് അകത്തളങ്ങളിലേക്ക് പ്രവേശനമില്ല. കുറെ സ്തുതി പാഠകര്‍ക്ക് നടുവില്‍ ആ കുടുംബം അകപ്പെട്ടു. പാര്‍ട്ടി യോഗങ്ങളില്ല, സംഘടനാ തലത്തില്‍ ചര്‍ച്ചകളില്ല.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി അമിത് ഷാ ‘മാതോശ്രീ’യിലെത്തി ചര്‍ച്ച നടത്തി; കൂടെ ദേവേന്ദ്ര ഫദ്നാവിസുമുണ്ടായിരുന്നു. ബാല്‍ താക്കറെയോടുള്ള ബഹുമാനമാണ് അമിത് ഷാ അടക്കമുള്ളവര്‍ അപ്പോഴും കാണിച്ചത് എന്നതില്‍ തര്‍ക്കമില്ല. വിവിധ അവകാശവാദങ്ങള്‍ ശിവസേന ഓരോ തവണയും ഉന്നയിക്കാറുണ്ട്, കഴിയുന്നതൊക്കെ ബിജെപി അംഗീകരിച്ചിട്ടുമുണ്ട്. സീറ്റ് തുല്യമായി വീതിക്കണം എന്നതായിരുന്നു അതിലൊന്ന്. അത് അസാധ്യമാണെന്നത് അമിത് ഷാ അന്നേ പറഞ്ഞിരുന്നു. രണ്ടാമത് പറഞ്ഞകാര്യം, മുഖ്യമന്ത്രി പദം വീതം വെക്കണമെന്ന്. അതിനോടും ബിജെപിക്ക് വിയോജിപ്പായിരുന്നു. അവസാനം രണ്ടുകാര്യത്തിലും ബിജെപിയുടെ നിലപാട് സമ്മതിച്ചിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിച്ചത്. ദേവേന്ദ്ര ഫദ്നാവിസിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ ജനവിധി തേടിയത് എന്നതുമോര്‍ക്കുക. വലിയ വിജയമാണ് അവര്‍ക്ക് ലഭിച്ചത്. 124 മണ്ഡലങ്ങളില്‍ മത്സരിച്ച ശിവസേന 16.4 ശതമാനം വോട്ടോടെ 56 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ 152 ഇടത്തു ജനവിധി തേടിയ ബിജെപി 105 സ്ഥലത്ത് വിജയിച്ചു; 25.75 ശതമാനം വോട്ടും അവര്‍ക്ക് ലഭിച്ചു. അന്‍പത് ശതമാനം സീറ്റുകളില്‍ പോലും ശിവസേനയ്ക്ക് വിജയിക്കാനായില്ല എന്നതാണ് വസ്തുത, വോട്ടും കുറഞ്ഞു. ആ പാര്‍ട്ടിയുടെ ദയനീയാവസ്ഥയാണ് അവിടെ തെളിഞ്ഞുവന്നത്.
ബിജെപിയാവട്ടെ 70 ശതമാനം സീറ്റുകളില്‍ വിജയം കരസ്ഥമാക്കി. വോട്ടും കൂടുതല്‍. ഇതിനുശേഷം ആദ്യ ആറുമാസം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം കിട്ടിയേ തീരൂ എന്ന് താക്കറെമാര്‍ പറഞ്ഞാല്‍ എന്താണ് ബിജെപി ചെയ്യേണ്ടിയിരുന്നത്? ‘സാധ്യമല്ല’ എന്ന് ഉറക്കെ പറയുക. ഓര്‍ക്കുക, ജനവിധി തേടിയത് ഫദ്നാവിസിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി. ബിജെപിക്കുള്ളതിന്റെ ഏതാണ്ട് പകുതി സീറ്റേ ശിവസേനക്കുള്ളൂ. അപ്പോള്‍ അവരുടെ ലക്ഷ്യം വേറെയാണ്. ഇതാണിപ്പോള്‍ പുറത്തുവരുന്നത്. പവാറും കോണ്‍ഗ്രസുമായി ശിവസേനയുടെ തലപ്പത്തുള്ളവര്‍ ധാരണ നേരത്തെ ഉണ്ടാക്കിയിരുന്നോ?. തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്ക്കുക, പിന്നീട് കാലുമാറി മറുകണ്ടം ചാടുക. ആ ഗൂഢ പദ്ധതി ഉണ്ടാക്കുന്നതില്‍ പവാറിനും പങ്കുണ്ട്. മുന്‍പേ ആ ആലോചനയുണ്ടായിരുന്നു എന്നതൊക്കെ അവഗണിച്ചാല്‍ തന്നെ കൊടിയ രാഷ്ട്രീയ വഞ്ചനയായിരുന്നു അതെന്നതില്‍ ആര്‍ക്കാണ് സംശയമുള്ളത്.
ഇത്തരമൊരു പദ്ധതി ശിവസേന നേതൃത്വം നേരത്തെ തയ്യാറാക്കിയിരുന്നോ എന്നതും ഇപ്പോള്‍ ഉയരുന്ന സംശയമാണ്. സൂചിപ്പിച്ചത് ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഉണ്ടാക്കിയിരുന്നോ എന്ന്. മഹാരാഷ്ട്രയില്‍ നിന്ന് 15- 16 എംപിമാര്‍ ശിവസേനക്കുണ്ടാവുമെന്നും ബിജെപിക്ക് ഭരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കാമെന്നും അവര്‍ വാഗ്ദാനം നല്കിയിരുന്നുവോ? ഓര്‍ക്കുക, 2019ല്‍ നരേന്ദ്ര മോദിക്ക്, ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇവരൊക്കെ തിരിഞ്ഞുകുത്തുമായിരുന്നില്ലേ. അക്കാര്യം കേന്ദ്ര സര്‍ക്കാരിനും ബിജെപി ദേശീയ നേതൃത്വത്തിനും അറിയാമായിരുന്നുവോ. എന്തായാലും തമ്മിലടിച്ചു കഴിയുന്ന ശിവസേനയിലെ അകത്തളങ്ങളില്‍ ഇത്തരത്തിലുള്ള പല ചര്‍ച്ചകളും ഊഹാപോഹങ്ങളും ഇന്ന് കേള്‍ക്കാനുണ്ട്. 2019 ഒക്ടോബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്, മെയ് മാസത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പും. മെയില്‍ നടത്താനിരുന്ന ക്രൂര പദ്ധതിയാണ് ഒക്ടോബറില്‍ നടപ്പിലാക്കിയത് എന്നര്‍ത്ഥം. ഇത്തരം കൊടിയ രാഷ്ട്രീയ വഞ്ചനകള്‍ എന്നന്നേക്കും രഹസ്യമാക്കി വെക്കാന്‍ പ്രയാസമാണ്.
ഇന്നിപ്പോള്‍ മധുര പ്രതികാരം ചെയ്യാന്‍ ബിജെപി തയ്യാറായിരിക്കുന്നു എന്നൊക്കെ കരുതുന്നവരുണ്ട്. ശരിയാണ്, ഒരര്‍ഥത്തില്‍ അതെ, ഇതൊരു മധുര പ്രതികാരം തന്നെ. താക്കറെമാരുടെ കീഴിലുണ്ടായിരുന്ന അന്‍പതോളം എംഎല്‍എമാര്‍ ഇന്ന് ബിജെപിക്കൊപ്പമാണ്. കൂടെ 16 ഓളം എംപിമാരും ഉണ്ടെന്ന് പറയുന്നു. 15-16 സാമാജികര്‍ മാത്രമാണ് ഇപ്പോള്‍ താക്കറെമാര്ക്കൊപ്പമുള്ളത്. വേറൊന്നുകൂടിയുണ്ട്, ഒരു പ്രസ്ഥാനം എത്രവേഗത്തിലാണ് അതിന്റെ സ്വത്വം തിരിച്ചറിഞ്ഞത്, വീണ്ടെടുത്തത് എന്നതാണത്. ഹിന്ദുത്വമാണ് തങ്ങളുടെ നിലപാടും അടിത്തറയുമെന്ന് ശിവസേനയിലെ ബഹുഭൂരിപക്ഷം ജനപ്രതിനിധികള്‍ക്കും വ്യക്തതയുണ്ടായിരുന്നു എന്നും അവര്‍ പവാര്‍- കോണ്‍ഗ്രസ് അജണ്ടക്കെതിരായിരുന്നു എന്നുമല്ലേ കാണുന്നത്. അങ്ങിനെയൊരു തിരിച്ചറിവിന്റെ ഫലമാണ് ഈ ഭരണമാറ്റം എന്നതും ഓര്‍ക്കേണ്ടതുണ്ട്. അത് ഇന്നാട്ടിലെ ദേശീയതയുടെ വിജയമാണ്. ആ ദേശീയതയുടെ, ഹിന്ദുത്വ ചിന്തയുടെ മുന്നണി പ്രവാചകരെന്ന നിലക്ക് ബിജെപിയുടേയും വിജയമാണ്. ശിവസേന നേതാവിനെത്തന്നെ മുഖ്യമന്ത്രിയായി നിയോഗിച്ചുകൊണ്ട് തലമുതിര്‍ന്ന ഫദ്നാവിസ് ഉപമുഖ്യമന്ത്രിയാവാന്‍ ബിജെപി തീരുമാനിക്കുമ്പോള്‍ കാര്യങ്ങള്‍ എല്ലാം വ്യക്തമാണല്ലോ. മഹാരാഷ്ട്രയുടെ താല്പര്യമാണ് പ്രധാനം; അധികാരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: