കോഴിക്കോട്: വായനക്കാരും അനുഭാവികളും പ്രവര്‍ത്തകരും ചേര്‍ന്ന ആവേശോജ്ജ്വലമായ ഉത്സവാന്തരീക്ഷത്തില്‍, ജന്മഭൂമി കോഴിക്കോട് എഡിഷന്റെ പുതിയ ആസ്ഥാനമന്ദിരം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. ചാലപ്പുറം കേസരി ഭവനില്‍ പ്രത്യേകമൊരുക്കിയ ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആദ്യ പരിഗണന രാജ്യത്തിനെന്ന നിലപാടില്‍ ദേശീയതയും ദേശ സ്നേഹവും പ്രധാനമായിക്കïു പ്രവര്‍ത്തിക്കുന്ന ജന്മഭൂമി, അവയിലൂടെ കേരളത്തില്‍ മാത്രമല്ല, രാജ്യത്തെമ്പാടും വിദേശങ്ങളിലും അടയാളമിട്ടു കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ വിഷയത്തെയും ദേശീയൈക്യം, ധാര്‍മികത, ദേശ സ്നേഹം, പൊതുജന ക്ഷേമം എന്നിവയുടെ അടിത്തറയിലാണ് ജന്മഭൂമി സമീപിക്കുന്നത്. അതുകൊïുതന്നെ 47 വര്‍ഷമായി മുന്നേറുന്ന ജന്മഭൂമി ഇനിയും ഏറെ വളരുമെന്നും വളര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ജന്മഭൂമിക്കു വേïി പ്രവര്‍ത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.
ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന് അധ്യക്ഷനായി. ഒരു ഭരണാധികാരിയുടെയും പിന്തുണയോ മറ്റു സാമ്പത്തിക സ്രോതസ്സുകളോ ഇല്ലാതെ സങ്കീര്‍ണമായ കടമ്പകള്‍ കടന്ന് ഇന്നും അഭിമാനത്തോടെ നിലനില്‍ക്കുന്ന ജന്മഭൂമി വിസ്മയമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെയും അനുഭാവികളുടെയും അര്‍പ്പണ മനോഭാവവും പ്രവര്‍ത്തന മികവുമാണ് ഇതിനാധാരം. പത്രപ്രവര്‍ത്തന രംഗം ഇന്നു സ്വാധീനങ്ങള്‍ക്കു വഴങ്ങി സത്യത്തെ ത്യജിക്കുകയാണ്. ഇവിടെയാണ് ജന്മഭൂമിയുടെ പ്രസക്തി. നിസ്സഹായരായ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയെന്നതാണ് ജന്മഭൂമിയുടെ ധര്‍മമെന്നും കുമ്മനം പറഞ്ഞു.
മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാകണം പത്രപ്രവര്‍ത്തനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ അംബേക്കര്‍ ചൂïിക്കാട്ടി. അടിയന്തരാവസ്ഥയില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറായി. അതിലൂടെ സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള അവസരമാണ് ഇല്ലാതാക്കിയത്. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് സത്യത്തെ മുറുകെപ്പിടിച്ച് വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച ജന്മഭൂമിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സുനില്‍ അംബേക്കര്‍ പറഞ്ഞു.
സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഉറച്ച പ്രയത്നമാണ് ഇന്നു ലക്ഷ്യം കാണുന്നതെന്ന് ആമുഖഭാഷണം നടത്തിയ ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പറഞ്ഞു. മുഖ്യ പത്രാധിപര്‍ സ്ഥാനത്തുനിന്നു വിരമിച്ച പി. നാരായണനും റിപ്പോര്‍ട്ടറായി ജന്മഭൂമിയില് തുടക്കം കുറിച്ച കുമ്മനം രാജശേഖരനും വിരമിക്കല്‍ ഒരു സാങ്കേതികത മാത്രമാണെന്നു വ്യക്തമാക്കി ഇന്നും ജന്മഭൂമിക്കൊപ്പം നില്‍ക്കുന്നുവെന്നത് ജന്മഭൂമി എന്താണെന്നു കാണിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നാലു വര്‍ഷമായി ജന്മഭൂമിയുടെ വരിക്കാരിയാണ് താനെന്ന് ആശംസയര്‍പ്പിച്ച ഒളിമ്പ്യന്‍ പി.ടി. ഉഷ പറഞ്ഞു. കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്ത് പ്രോത്സാഹിപ്പിച്ച കെ.എന്‍.ആര്. നമ്പൂതിരി എഡിറ്ററായ ജന്മഭൂമിയില് സ്പോര്‍ട്സിനു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പി.ടി. ഉഷ തുടര്‍ന്നു. ജന്മഭൂമി ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നു മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ് ആശംസിച്ചു. ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണനെ അനുരാഗ് സിങ് ഠാക്കൂര്‍ ആദരിച്ചു. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ മധുകര്‍ വി. ഗോറെ എന്നിവര്‍ സംബന്ധിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: