ന്യൂദല്‍ഹി: ഹിന്ദു ദൈവത്തെ അപമാനിക്കുന്ന തരത്തില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയ സംഭവത്തില്‍ സംവിധായകയ്ക്കെതിരെ പരാതി. കാളി എന്ന ഡോക്യുമെന്ററി സിനിമയുടെ സംവിധായിക ലീനാ മണിമേഖലയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് പരാതി ലഭിച്ചത്.
ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി പോസ്റ്ററില്‍ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തില്‍ കാണിച്ചാണ് അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററിനെതിരെ അഭിഭാഷകന് ദല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിലും പരാതി നല്കി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ സംവിധായകയ്ക്കെതിരെ പ്രതിഷേധം ശക്തമായിരക്കുകയാണ്.
ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി, ഹൈന്ദവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് ദല്‍ഹി പോലീസിന് നല്കിയ പരാതിയില്‍ അഭിഭാഷകന് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്ഷന്‍ 295എ, 298, 505, 67 (ഐടി ആക്ട്) 34 ഐപിസി പ്രകാരം കുറ്റകരമാണ്. കുറ്റാരോപിതര്‍ക്കെതിരെ കനത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അതു നല്‍കാം -സമൂഹമാധ്യമങ്ങളിലെ ആക്രമണത്തില്‍ പ്രതികരിച്ച് ലീന ട്വീറ്റ് ചെയ്തു.
‘ടൊറന്റോയിലെ തെരുവുകളില്‍ ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാല്‍ ‘ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക’ എന്ന ഹാഷ്ടാഗ് ഇടാതെ, ‘ലവ് യു ലീന മണിമേഖലൈ’ എന്ന ഹാഷ്ടാഗാണ് ഇടുക എന്നും ലീന തമിഴില്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: