ശിവഗിരി: ശിവഗിരി മഹാസമാധി പീഠത്തിലും ശ്രീശാരദാ ദേവി സന്നിധിയിലും വൈദിക മഠത്തിലും എത്തിച്ചേരുന്ന ഭക്തര്‍ക്ക് ഗുരുപൂജാ പ്രസാദത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ശിവഗിരി തീര്‍ത്ഥാടന വേളയിലും ശാരദാ പ്രതിഷ്ഠാ വാര്‍ഷിക വേളയിലെ ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് കാലത്തും നിലവില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വത്തിലും ഇതര സംഘടനകളും ഭക്തരും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ടെന്നും മഠം അറിയിച്ചു.
നിലവില്‍ വാഹനങ്ങളിലും മറ്റുമായി ഭക്തര്‍ കൂട്ടത്തോടെയെത്തി പ്രാര്‍ത്ഥന നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു മടങ്ങുക പതിവാണ്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഭക്തര്‍ യാത്രാവേളകളില്‍ തങ്ങളുടെ പുരയിടത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളും മറ്റ് പലവ്യജ്ഞനങ്ങളും കരുതാറുണ്ട്. നിത്യേന ഇവ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടെന്നുളള കാര്യം പലരിലും എത്തിയിട്ടില്ല.
ഗുരുദേവന് സ:ശരീരനായിരുന്നപ്പോള് ഗുരുദേവ സന്നിധിയിലെത്തിയിരുന്ന ഭക്തര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിളകളുടെ ഒരു ഭാഗം ഗുരുദേവന് കാഴ്ച വയ്ക്കുമായിരുന്നു. ഇപ്രകാരം കാഴ്ച വയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ പാകപ്പെടുത്തി ഗുരുദേവന് മുന്നില്‍ സമര്‍പ്പിച്ച ശേഷം അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും നല്‍കിയിരുന്നു. ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്ന ചില വേളയില്‍ ഗുരുദേവന് യാത്രയിലായപ്പോള്‍ അവ പാകം ചെയ്ത് ഗുരുദേവചിത്രത്തിന് മുന്നില്‍ ദീപം തെളിച്ചു പ്രാര്‍ത്ഥിച്ചും ഭക്ഷണം പ്രസാദമായി അനുഭവിച്ചിരുന്നു.
ഗുരുദേവ മഹാസമാധിയ്ക്ക് ശേഷവും ശിവഗിരിയിലെ മഹാപ്രസാദമായി ഗുരുപൂജാ അന്നദാനം ഭക്തര്‍ ഇന്നും അനുഭവിച്ചു പോരുന്നു. ഗുരുപൂജാ മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തില്‍ സമര്‍പ്പിച്ച ശേഷം സംന്യാസിമാരും ബ്രഹ്മചാരികളും നേതൃത്വം നല്കുന്ന പ്രാര്‍ത്ഥന യില്‍ ഭക്തരും ചേര്‍ന്ന് ഉരുവിട്ട ശേഷമാണ് പ്രസാദം അനുഭവിക്കുക. നിത്യേന ആയിരങ്ങള്‍ക്കാണ് ശിവഗിരിയില്‍ നിന്നും ഗുരുപൂജാപ്രസാദം നല്ക്കുന്നത്. ഇതോടൊപ്പം രാവിലെയും വൈകിട്ടും എത്തുന്നവര്‍ക്കും പ്രസാദമായി അന്നദാനം നല്കി വരുന്നുണ്ട്.
വാഹനങ്ങളിലും അല്ലാതെയും ശിവഗിരിയില്‍ എത്തിച്ചേരുന്ന ഭക്തരില്‍ ചിലരെങ്കിലും നിലവില്‍ തങ്ങള്‍ക്കാവും വിധം ഉല്‍പ്പന്നങ്ങള്‍ എത്തിക്കാറുണ്ട്. ഈ വിധം എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി പാകപ്പെടുത്തുന്ന ഭക്ഷണം തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രസാദമായി അനുഭവിക്കാനുള്ള അവസരം ഉണ്ടാകുമ്പോള്‍ ഇവ ലഭ്യാമാക്കിയ ഭക്തര്‍ക്ക് വലിയ ആത്മ സംതൃപ്തിയാണ് വന്ന് ഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: