ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഒറ്റക്കെട്ടായി നിന്ന് ഇഞ്ചിഞ്ചായി റഷ്യയെ ഉപരോധത്തിലൂടെ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ ഇന്ത്യയെ കൂടുതല്‍ ആശ്രയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ഇറാനില്‍ നിന്നുള്ള ദൂരം കുറയ്ക്കുന്ന നോര്‍ത്ത് സൗത്ത് അന്താരാഷ്ട്ര ഗതാഗത ഇടനാഴി ( ഐഎന്‍ എസ് ടിസി) തുറക്കുകയാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ ഇടപാടില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഈയിടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ വിതരണരാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സൗദി അറേബ്യയെ മറികടന്നിരിക്കുകയാണ് റഷ്യ. ഇപ്പോള്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 16 ശതമാനം റഷ്യയില്‍ നിന്നാണ്. റഷ്യയ്ക്ക് ആശ്രയിക്കാവുന്ന ഒരു പ്രധാന രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതോടെയാണ് കൂടുതല്‍ വിപുലമായ വ്യാപാരസാധ്യത പുടിന് തേടുന്നത്.
ഇരുരാജ്യങ്ങളെയും റെയില്‍, റോഡ്, കടല്‍ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതാണ് ഐഎന്‍ എസ് ടിസി. അസര്ബൈജാന്, ഇറാന്, കസാഖ്സ്ഥാന്, തുര്‍ക്മെനിസ്ഥാന്‍ എന്നിവ പങ്കെടുത്ത കാസ്പിയന്‍ കടല്‍ ഉച്ചകോടിയിലാണ് വ്ളാഡിമിര്‍ പുടിന് ഐഎന്‍ എസ് ടിസി എന്ന ആശയം അവതരിപ്പിച്ചത്. റഷ്യ ഉള്‍പ്പെട്ട കാസ്പിയന്‍ ഫൈവിന് (അഞ്ച് രാജ്യങ്ങള്‍ അടങ്ങിയ സംഘം) ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഐഎന്‍ എസ് ടിസി സെന്റ് പീറ്റേഴ്സ്ബെര്‍ഗിനെ ഇറാനുമായും ഇന്ത്യയുമായും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ധമനിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎന്‍ എസ് ടിസി യാഥാര്‍ത്ഥ്യമായാല്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഗതാഗതച്ചെലവ് 30 ശതമാനം കുറയും. ചരക്ക് ഗതാഗതത്തിനുള്ള ചെലവും കുറയും. ഇത് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഏറ്റവും എളുപ്പവഴിയായി മാറും. കാസ്പിയന്‍ കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാര്‍ഗ്ഗമായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: