മുംബൈ: മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ കെമിസ്റ്റായി ജോലി ചെയ്യുന്ന ഉമേഷ് കോല്‍ഹെയെ മുസ്ലിം അക്രമികള്‍ കൊലപ്പെടുത്തിയത് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിനാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 22ന് നടന്ന ഈ കൊലപാതകത്തിന്റെ അന്വേഷണം എന്‍ഐഎയ്‌ക്ക് വിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, വിദേശരാജ്യങ്ങളുമായി അക്രമികള്‍ക്കുള്ള ബന്ധം, കൊലയില്‍ പങ്കാളികളായ സംഘടനകള്‍ എന്നിവയെക്കുറിച്ച് എന്‍ ഐഎ അന്വേഷിക്കും.
കൊല ചെയ്തതിലെ പ്രൊഫഷണലിസവും വ്യാപാരിയായ ഉമേഷ് കോല്‍ഹെയുടെ ബാഗിലുണ്ടായിരുന്ന പണം അക്രമികള്‍ മോഷ്ടിക്കാതിരുന്നതുമാണ് കൊലപാതകത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണോ എന്ന സംശയം ഉണര്‍ത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ ഈ സംശയം ബലപ്പെടുത്തുന്ന തെളിവകളാണ് ലഭിച്ചത്. ഉദയ് പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍കടക്കാരനെ കഴുത്തറുത്ത് കൊന്നത് ജൂണ്‍ 27നാണെങ്കില്‍ അതിനും അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 22നാണ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയത്. പക്ഷെ ഇത് മതനിന്ദ മൂലമാണെന്നും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരിലാണെന്നും അറിഞ്ഞത് പിന്നീടുള്ള അന്വേഷണത്തിലാണ്.
ജൂണ്‍ 22 രാത്രിയിലാണ് ഉമേഷ് കോല്‍ഹെ കൊല്ലപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ അമിത് മെഡിക്കല്‍ എന്ന ഫാര്‍മസി നടത്തിവരികയായിരുന്നു 54കാരനായ ഉമേഷ് കോല്‍ഹെ. ജൂണ്‍ 22ന് രാത്രി ഉമേഷ്‍ കോല്‍ഹെ മകന്‍ സങ്കേത്, മരുമകള്‍ വൈഷ്ണവി എന്നിവരോടൊപ്പം വേറെ വേറെ ബൈക്കുകളില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. രണ്ടു പേര്‍ ഉമേഷ് കോല്‍ഹെയുടെ വഴിതടഞ്ഞു. കോല്‍ഹെയെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തിഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി ഉമേഷ് കോല്‍ഹെ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ച് ഇഞ്ച് നീളമുള്ള ചൈനീസ് കത്തി ഉപയോഗിച്ച് പ്രൊഫഷണല്‍ രീതിയിലായിരുന്നു കൊല. ഒരാഴ്ചയായി ഉമേഷിനെ അക്രമികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പിന്നീടാണ് കൊലപാതകം നടത്തിയത്.
കോല്‍ഹെയുടെ മകനും മരുമകളും ഓടിയെത്തിയെങ്കിലും അക്രമികള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. കേസില്‍ ക്രൈംബ്രാഞ്ചും കോട് വാലി സിറ്റി പൊലീസും നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തുന്നു. ഇര്‍ഫാന്‍ ഖാന്‍, മുദാസിര്‍ അഹമ്മദ് ഷേഖ് ഇബ്രാഹിം, ഷാ റുഖ് പത്താന്‍ ഇനായത്ത് ഖാന്‍, അബ്ദുള്‍ തൗഫീഖ്, ഷൊഹൈബ് ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മോഷണത്തിന് വേണ്ടിയാണ് കൊലപാതകം എന്ന മൊഴിയിലൂടെ പൊലീസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉമേഷിന്റെ ബാഗില്‍ ഉണ്ടായിരുന്ന 35000 രൂപ അക്രമികള്‍ എടുത്തില്ലെന്നത് പ്രതികളുടെ ലക്ഷ്യം മോഷണമല്ലെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇതില്‍ 32കാരനായ ഇര്‍ഫാന്‍ ഖാനാണ് പ്രധാനപ്രതി. ഇയാള്‍ ഒരു എന്‍ജിഒ നടത്തിവരികയാണ്. ബിജെപി വക്താവ് ശിവറായി കുല്‍ക്കര്‍ണിയാണ് ഉമേഷ് കോല്‍ഹെയുടെ കൊലപാതകം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിനുള്ള പ്രതികാരമാണെന്ന് ആദ്യം ആരോപിച്ചത്. സമൂഹമാധ്യമത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിനാണ് ഉമേഷ് കോല്‍ഹെയെ കൊന്നതെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും ബിജെപി വക്താവ് ശിവറായി ആവശ്യപ്പെട്ടിരുന്നു.
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന് എന്തെങ്കിലും ഭീഷണിപ്പെടുത്തുന്ന ഫോണ്‍വിളികള്‍ എത്തിയോ എന്ന കാര്യം അന്വേഷിക്കണമെന്നും ബിജെപി വക്താവ് ശിവ്റായി കുല്‍ക്കര്‍ണി ആവശ്യപ്പെടുന്നു. എന്തായാലും കൊലപാതകികളെന്ന് സംശയിക്കുന്നവരുടെയും ഉമേഷിന്റെയും ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
ഉമേഷ് ചില വാട്സാപ് ഗ്രൂപ്പുകളിലും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടിരുന്നതായി കോട് വാലി സിറ്റി പൊലീസ് പറയുന്നു. ഈ ഗ്രൂപ്പില്‍ ഉമേഷിന്റെ കടയില്‍ നിന്നും മരുന്നു വാങ്ങുന്ന ചില മുസ്ലിങ്ങളും അംഗങ്ങളാണ്. 10000 രൂപ വീതം നല്‍കാമെന്ന് പറഞ്ഞ് അഞ്ച് പേരെ ഇര്‍ഫാന്‍ വാടകയ്‌ക്കെടുത്താണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: