തിരുവനന്തപുരം: രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസില്‍ ചേരുന്നവരില്‍ പ്രൊഫഷണലുകളും ഉണ്ടെന്നതാണ് പ്രത്യേകതയെന്നും അദേഹം പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ 99 െ്രെഡവര്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്ക് പൊലീസ് ഉയര്‍ന്നു. ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന മോശം പ്രതിച്ഛായ മാറി. പൊലീസിന് പുതിയ മുഖം നല്‍കിയത് 1957 ലെ ഇം.എം.എസ് സര്‍ക്കാരാണ്. രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു.
പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ 24 മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നല്ലാതെ അന്വേഷണത്തില്‍ മറ്റുപുരോഗതികള് ഒന്നുംതന്നെയില്ല. എകെജി സെന്ററിന് നേര്‍ക്ക് കല്ലെറിയുമെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്തിയൂര്‍ക്കോണം സ്വദേശിയായ ഇയാളെ കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: