തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസ് സിപിഎമ്മുകാര്‍ ആക്രമിച്ച കേസിലും, ബ്രൂവറി അഴിമതിക്കേസിലും കോടതികൡനിന്നേറ്റ തിരിച്ചടി അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വികൃത മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാവും ഉള്‍പ്പെടുന്ന പ്രതികള്‍ ബിജെപി ഓഫീസായ മാരാര്‍ജിഭവന്‍ അടിച്ചുതകര്‍ത്ത കേസ് സംസ്ഥാനത്തിന്റെ വിശാലതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണമെന്ന വിചിത്രവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ ആവശ്യമാണ് സര്‍ക്കാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി കുറ്റം ചുമത്തുന്നതിനു മുന്‍പ് പ്രതികള്‍ ഹാജരാകണമെന്നു നിര്‍ദ്ദേശിക്കുകയും, ഒരു പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ സ്വതന്ത്ര മനസ്സ് അര്‍പ്പിക്കാതെയാണ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതെന്നും, കേസ് പിന്‍വലിക്കുന്നത് പൊതുനീതിക്കെതിരാണെന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചത്. സര്‍ക്കാര്‍ ഹര്‍ജിക്ക് യാതൊരു ഉദ്ദേശ്യശുദ്ധിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാരാണ് അബ്കാരി നിയമങ്ങള്‍ ലംഘിച്ച് നാല് സ്വകാര്യ ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിനെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവില്ലെന്നായിരുന്നു പ്രതികരണം. ഇതിനെതിരെ ഗവര്‍ണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയും, കോടതി പരാതിക്കാരന്റെ മൊഴിയെടുക്കുകയും സാക്ഷിവിസ്താരത്തിന് നോട്ടീസയയ്‌ക്കുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെയും മറ്റും എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയത്. അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ബ്രൂവറി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നുമുള്ള സര്‍ക്കാരിന്റെ ആവശ്യമാണ് പ്രതേ്യക വിജിലന്‍സ് കോടതി നിരസിച്ചത്. ആരോപണങ്ങള്‍ ഹര്‍ജിക്കാരന് തെളിയിക്കാനാവാതെ വരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ തള്ളാനാവൂ എന്ന നിലപാടെടുത്ത കോടതി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. ഫയല്‍ നികുതിവകുപ്പില്‍നിന്ന് വിളിച്ചുവരുത്താന്‍ അധികാരമില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരിക്കുന്നു.
അഴിമതിയോടും അക്രമരാഷ്‌ട്രീയത്തോടുമുള്ള പിണറായി സര്‍ക്കാരിന്റെ നിയമവിരുദ്ധവും ജനവിരുദ്ധവുമായ സമീപനമാണ് ഈ രണ്ട് കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികളെ സമീപിച്ചതിലൂടെ വ്യക്തമായത്. അധികാരം ലഭിച്ചിരിക്കുന്നത് അഴിമതി നടത്താന്‍കൂടിയുള്ളതാണെന്ന ഉറച്ച ധാരണയാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. സ്വര്‍ണക്കടത്തുകേസും ഡോളര്‍ കടത്തുകേസും ഉള്‍പ്പെടെയുള്ള വമ്പന്‍ അഴിമതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും ഈ അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്. അധികാരത്തുടര്‍ച്ച ലഭിച്ചതിനാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. ഒരു കേസുപോലും ഇല്ലാതായിട്ടില്ല. മുഖ്യമന്ത്രിയടക്കം ആരും ഗുരുതരമായ ആരോപണങ്ങളുടെ കരിനിഴലില്‍നിന്ന് പുറത്തുവന്നിട്ടില്ല. നിയമത്തെ അനുസരിക്കുകയും വിചാരണ നേരിടുകയും ചെയ്യാതെ ഇക്കൂട്ടര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക