ന്യൂദല്‍ഹി: സാധാരണക്കാരുടെ യുക്തിയെ അമ്പരപ്പിക്കുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നവരാണ് നരേന്ദ്രമോദിയും അമിത് ഷായും. 2017ല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ ഉത്തര്‍പ്രദേശ് നേതൃത്വം കുഴങ്ങുമ്പോള്‍ അവിടേക്ക് പൊടുന്നനെ യോഗി ആദിത്യനാഥിനെ അവതരിപ്പിച്ച് ഇവര്‍ എല്ലാവരെയും ഞെട്ടിച്ചു.
2014ല്‍ മന്ത്രിയായിരുന്ന സുഷമാസ്വരാജ് ഇനി കേന്ദ്രമന്ത്രിയാകില്ലെന്ന കരുതിയപ്പോല് 2019ലെ കേന്ദ്രമന്ത്രി സഭയില്‍ വിദേശകാര്യമന്ത്രിയായി സുഷമ സ്വരാജിനെ അവതരിപ്പിച്ച് വീണ്ടും ഞെട്ടിച്ചു. “മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ വീണത് സ്വാഭാവികമായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിട്ടാണ്. പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക്നാഥ് ഷിന്‍ഡെയെയും മുന്‍പ് രണ്ട് തവണ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്കും നിയോഗിച്ച് വീണ്ടും എന്റെ കയ്യിലെ തിരക്കഥ മോദിയും ഷായും തകിടം മറിച്ചിരിക്കുന്നു”- പറഞ്ഞത് പ്രമുഖ ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത. മോദിവിരുദ്ധ ക്യാമ്പിലെ പ്രധാനിയായ ശേഖര്‍ ഗുപ്ത ഇത് പറയുമ്പോള്‍ അല്പം അഭിനന്ദനത്തിന്റെ മേമ്പൊടിയുണ്ടായിരുന്നു ആ വാക്കുകളില്‍.
അമ്പരപ്പിക്കുന്ന രാഷ്ട്രീയ ട്വിസ്റ്റിലൂടെ ഷായും മോദിയും തന്നെ അമ്പരപ്പിച്ചിരിക്കുന്നുവെന്നാണ് ശേഖര്‍ ഗുപ്തയുടെ പ്രതികരണം. “ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാം എന്ന് മോദിയും ഷായും തെളിയിച്ചിരിക്കുന്നു. (ഏക് നാഥ് ഷിന്‍ഡേ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി രാഷ്ട്രീയജീവിതം ആരംഭിച്ച വ്യക്തിയാണ്.)ഇതാണ് രാഷ്ട്രീയത്തിലെ സൗന്ദര്യവും നീതിയും. ചായ് വാലയായ നരേന്ദ്രമോദി പ്രധാനമന്ത്രിയായതുപോലെ.വെറും പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു ഭൈരോണ്‍ സിങ്ങ് ഷേഖാവത്ത് രാജസ്ഥാനില്‍ പണ്ട് മുഖ്യമന്ത്രിയായതും പിന്നീട് ഉപരാഷ്ട്രപതിയായതും അദ്വാനിയ്ക്കും വാജ്പേയിയും കഴിഞ്ഞാല്‍ ബിജെപിയിലെ മൂന്നാമത്തെ അധികാരകേന്ദ്രമായി മാറിയതും ജനാധാപിത്യത്തിന്റെ നേട്ടമാണ്.”- ശേഖര്‍ ഗുപ്ത പറയുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് മോദിയ്ക്കെതിരെ പരാതി പറയുന്ന അതേ ശേഖര്‍ ഗുപ്തയാണ് ഇപ്പോള്‍ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്ന നീക്കമാണ് നരേന്ദ്രമോദിയും ഷായും മഹാരാഷ്ട്രയില്‍ ഏക് നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ചെയ്തതെന്ന് അഭിനന്ദനത്തോടെ പറയുന്നത്.
മുഖ്യമന്ത്രിയായ ഷിന്‍ഡേയുടെ കീഴില്‍ ഉപമുഖ്യമന്ത്രിയായി ഇരുന്നുകൊള്ളാമെന്ന തീരുമാനത്തിലേക്ക് ഫഡ്നാവിസ് എത്തിയത് അദ്ദേഹത്തിന്റെ ഹൃദയവിശാലതയുടെ ഉദാഹരണമാണെന്നും ശേഖര്‍ഗുപ്ത വിവരിക്കുന്നു. മോദിയും അമിത് ഷായും കളിച്ച സങ്കീര്‍ണ്ണമായ, താല്പര്യമുണര്ത്തുന്ന ഒരു ഗെയിമായി താന്‍ ഇതിനെ കാണുന്നുവെന്നും ശേഖര്‍ ഗുപ്ത വിവരിക്കുന്നു. ഇത് ഹിന്ദുത്വയെ തള്ളിക്കളയുന്ന ശിവസേനയെ ഇല്ലാതാക്കി ഹിന്ദുത്വയെ സംരക്ഷിക്കുന്ന ശിവസേനയെ നിലനിര്‍ത്താനും ഉള്ള മോദി-ഷാ ഗെയിമാണെന്നും ശേഖര്‍ ഗുപ്ത പറയുന്നു. ശിവസേനയുടെ ഇടത്തിലേക്ക്, ശിവസേനയുടെ ആശയ ഇടത്തിലേക്ക് ബിജെപിയെ പ്രതിഷ്ഠിക്കാനുള്ള ബുദ്ധിപൂര്‍വ്വവും ധീരവുമായ ഗെയിമാണിതെന്നും ശേഖര്‍ ഗുപ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: