ന്യൂദല്‍ഹി:എകെജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന് വി.മുരളീധരന് ചോദിച്ചു. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ പോലീസ് നിരീക്ഷണം എത്ര ദുര്‍ബലമാണെന്ന് സംഭവം തെളിയിക്കുന്നു. പോലീസിന്റെ ഇന്റലിജെന്‍സ് വിഭാഗം ഒന്നുമറിയുന്നില്ലേ എന്നും മന്ത്രി ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയോ ഉത്തരവാദികളെ കണ്ടെത്തുകയോ തന്റെ ജോലിയല്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന അതിക്രമം പോലും തടയാനാകാത്തവരുടെ ഭരണം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മന്ത്രി ദല്‍ഹിയില്‍ ചോദിച്ചു.
ഭരണമെന്നാല്‍ പ്രസ്താവനയിറക്കലും ബോര്‍ഡ് വെക്കലുമല്ല. അത് ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്തലാണ്. അതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഇ.പി. ജയരാജന് തന്റേടമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നേതാവിന് ഭരണം നടത്താന്‍ കഴിവില്ലെന്ന് ആദ്യം പറഞ്ഞ് ബോധ്യപ്പെടുത്തട്ടേ എന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: