ആലപ്പുഴ: തിരുവനന്തപുരത്ത് എകെജി സെന്ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതർ തകര്‍ത്തു. അർദ്ധരാത്രി ഒന്നര മണിയോടെയായിരുന്നു ആക്രമണം. ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിന് സമീപമുള്ള പ്രതിമയാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ആരോപിച്ചു. സർക്കാരിന്റെ പിന്തുണയോടെയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെയുള്ള ആരോപണങ്ങളെയും ആക്ഷേപങ്ങളെയും മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ ബോധപൂർവം കരുതിക്കൂട്ടി ചെയ്ത ആക്രമണമാണിതെന്ന് ഷുക്കൂർ പറഞ്ഞു. രാത്രി 11.30 ഓടെയാണ് എകെജി സെന്ററില്‍ ബോംബേറുണ്ടായത്. എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് സ്‌ഫോടകവസ്തു പതിച്ചത്. ഇരുചക്രവാഹനത്തില്‍ എത്തിയ യുവാവ് കൈയിലുണ്ടായിരുന്നു സ്‌ഫോടകവസ്തു എറിയുകയായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം ആലപ്പുഴയിൽ നടന്നു.
പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.ആര്‍ക്കും പരിക്കില്ല. ഭീകരമായ ബോംബ് ആക്രമണ മാണ് ഉണ്ടായതെന്ന് ഇ. പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് ആക്രമങ്ങളുടെ ബാക്കിപത്രമാണ് ആക്രമണമെന്നും അദേഹം ആരോപിച്ചു.
കോട്ടയത്ത് ഡിസിസി ഓഫീസിന് നെരെയും ആക്രമണം നടന്നു. ഓഫീസിന്റെ ജനൽ എറിഞ്ഞു തകർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: