ശ്രീനഗര്‍: നാല്‍പ്പത്തിമൂന്ന് ദിവസത്തെ അമര്‍നാഥ് തീര്‍ഥയാത്രയ്ക്ക് ബുധനാഴ്ച തുടക്കം. രണ്ട് ദിവസത്തില്‍ അമര്‍നാഥിലേക്ക് യാത്ര തിരിച്ചത് ഏഴായിരത്തിലധികം തീര്‍ഥാടകര്‍. തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ കനത്ത സുരക്ഷയിലാണ്.
ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ബുധനാഴ്ചയാണ് ആദ്യ തീര്‍ഥാടക സംഘം അമര്‍നാഥിലേക്ക് തിരിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 4890 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.
ശ്രീ അമര്‍നാഥ്ജിയുടെ അനുഗ്രഹത്തിനെത്തുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സുരക്ഷിതവും എന്നും ഓര്‍ക്കാന്‍ കഴിയുന്നതുമായ യാത്രയായിരിക്കുമിതെന്നതില് തനിക്ക് വിശ്വാസമുണ്ടെന്ന് സിന്‍ഹ പറഞ്ഞു. യാത്രയ്ക്കു മുന്നോടിയായി നടന്ന പ്രാര്‍ഥനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ജമ്മുവിലെ അനന്ത്നാഗിലുള്ള നുന്‍വാന്‍ ബേസ് ക്യാമ്പില്‍ നിന്ന് 2750 പേരടങ്ങുന്ന തീര്‍ഥാടക സംഘവും യാത്ര തുടങ്ങി. ഡെപ്യൂട്ടി കമ്മിഷണര്‍ പീയുഷ് സിന്ഗ്ലയായിരുന്നു യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് പൂര്‍ണതോതിലുള്ള തീര്‍ത്ഥാടനം.
കശ്മീര്‍ കനത്ത ജാഗ്രതയിലാണ്. കൂടുതല്‍ സൈനികരെ തീര്‍ഥാടന മേഖലയില്‍ വിന്യസിച്ചു. മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോരുത്തര്‍ക്കും റേഡിയോ ഫ്രീക്വന്‍സി ടാഗുകളും സൈന്യം നല്‍കിയിട്ടുണ്ട്. ആഗസ്ത് 11ന് യാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: