കൊല്ലം: കെഎംഎംഎല്ലില്‍ സിപിഎം നോമിനികളെ തിരുകി കയറ്റാന്‍ നീക്കങ്ങളുമായി പാര്‍ട്ടി ജില്ലാ നേതൃത്വം. ഇതിനായി പാര്‍ട്ടി സംവിധാനം വഴിയല്ലാതെ ചില നേതാക്കള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒരു ഫ്രാക്ഷന് തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുന്‍കൈ എടുത്ത് രൂപീകരിച്ചതായാണ് വിവരം.
ജില്ലാ സെക്രട്ടറിക്കെതിരെ ജില്ലാ സമ്മേളത്തിന് മുന്‍പും തുടര്‍ന്ന് സമ്മേളനത്തിലും രഹസ്യബാങ്ക് അകൗണ്ട് തുടങ്ങിയത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ ‘കറവപശു’ വാക്കിയുള്ള പുതിയ കച്ചവടം.
കെഎംഎംഎല്‍ ചട്ടങ്ങള്‍ മറികടന്നും ക്രമക്കേട് നടത്തിയും സ്ഥാനക്കയറ്റം നടത്താന്‍ നേതൃത്വം നല്കുന്ന കമ്പനിയിലെ സിഐടിയു യൂണിയന് സെക്രട്ടറിയെയാണ് ജില്ലാ നേതൃത്വം ഇടനിലക്കാരനാക്കിയിരിക്കുന്നത്. മുന്‍പ് ഇത്തരത്തില്‍ ക്രമക്കേട് നടത്തി വന്‍ തുക ഈ സെക്രട്ടറി പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് നല്‍കിയതായാണ് വിവരം.
സിപിഎം പ്രദേശിക ഘടകത്തെ നോക്ക് കുത്തിയാക്കി യൂണിയന് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും നടത്തുന്ന ഒത്തുകളിക്കെതിരെ ചവറ ഏരിയാ കമ്മിറ്റിയില്‍ അന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.
കെഎംഎംഎല്ലില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ നാലു വര്‍ഷം കഴിയുമ്പോള്‍ സി ഗ്രേഡും, എട്ടു വര്‍ഷം കഴിയുമ്പോള്‍ ബി ഗ്രേഡും 12 വര്‍ഷം കഴിയുമ്പോള്‍ എ ഗ്രേഡും ലഭിക്കും. പിന്നീട് നാലു വര്‍ഷം കൂടി കഴിഞ്ഞാലേ ഓഫീസര്‍ തസ്തിക ലഭിക്കൂ. കമ്പനി ചട്ടപ്രകാരം മേല്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്സണല്‍ ഓഫീസര്‍ ആകാന്‍. എന്നാല്‍ ഈ കടമ്പകള്‍ ഒന്നും കടക്കാതെ സിഐടി യു നേതാവും പാര്‍ട്ടി നേതൃത്വവും ഇടപെട്ട് ‘ഇന്റേണല്‍ റിക്രൂട്ട്മെന്’ നടത്തി പിന്‍വാതില്‍ വഴി ഒഫീസര്‍ നിയമനം നടത്തുകയാണ് രീതി. ആറു വര്‍ഷം മാത്രം സര്‍വ്വീസ് ഉള്ളവരെ വന്‍തുക കോഴ വാങ്ങി ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കിയ സംഭവവും മുന്‍പ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ 22 വര്‍ഷമായി മെയിന്റനന്‍സിലും അകൗണ്ട്സിലും ഏഗ്രേഡ് ആയിട്ടും പ്രമോഷന് ലഭിക്കാത്ത നിരവധി ജീവനക്കാരുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമനനീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: