ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ സ്ഥലത്തായി സ്ഥാപിക്കും. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. കാലാവസ്ഥാമാറ്റം തല്‍സമയം മനസ്സിലാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാനുമാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ആലപ്പുഴ ജില്ലക്ക് പുതിയതായി അനുവദിച്ച നാല് കേന്ദ്രങ്ങളില്‍ ഒന്നാണ് നൂറനാട്ടു സ്ഥാപിക്കുന്നത്. നൂറനാട്ടെ കേന്ദ്രത്തെ കൂടാതെ ചേര്‍ത്തല മാക്കേക്കവലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രദേശം കരുമാടിയിലെ കുടിവെള്ള പദ്ധതി പ്ലാന്റ്, കായംകുളം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കും.
മഴയുടെ അളവ്, കാറ്റിന്റെ വേഗത, ദിശ, താപനില, അന്തരീഷ ഈര്‍പ്പം, ന്യൂനമര്‍ദ്ദം തുടങ്ങിയവ മുന്‍കൂട്ടി മനസ്സിലാക്കുവാനും മുന്‍കരുതല്‍ സ്വീകരിക്കുവാനും ഇതുവഴി സാധിക്കും. കാലാവസ്ഥാ വിവരങ്ങള്‍ ഓരോ പതിനഞ്ചു മിനിറ്റു കൂടുമ്പോഴും ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്ന സംവിധാനമാണു നടപ്പാക്കുന്നത്. നൂറനാട്ടെ കാലാവസ്ഥാ കേന്ദ്രം ഒരു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക