കലവൂര്‍: സിപിഐ വനിതാ നേതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാത്തതില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി സിപിഐ ലോക്കല്‍ കമ്മറ്റികള്‍ രംഗത്ത്. സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടെങ്കിലും സിപിഐ മണ്ഡലം നേതൃത്വമോ ജില്ലാ നേതൃത്വമോ സംഭവത്തെ അപലപിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാകത്തതാണ് ലോക്കല്‍ കമ്മറ്റികളെ ചെടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ 21ന് രാത്രിയായിരുന്നു സംഭവം. സിപിഎം പ്രാദേശിക നേതാവും മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് സിംസനാണ് സ്വന്തം വാര്‍ഡിലെ ഒരു മത്സ്യ തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും തടയാനെത്തിയ കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തത്. മുന്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ ലോക്കല്‍കമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനേയും കുടുംബത്തേയുമാണ് ജോസ് സിംസണ്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.
ലീലാമ്മ ജേക്കബിന്റെ ഭര്‍ത്താവ് ജേക്കബ്ബിനും മരുമകള്‍ പ്രിന്‍സിക്കുമാണ് പരുക്കേറ്റത്. ഇവര്‍ കൃത്യമായ മൊഴിയും പോലീസിന് നല്‍കിയിട്ടുണ്ട്. ഇത്രയും ക്രൂരമായി ഒരു ജനപ്രതിനിധി വിട് കയറി മര്‍ദ്ദനം നടത്തിയിട്ടും അറസ്റ്റ് വൈകിക്കുന്നത് പോലിസിന്റെ തികഞ്ഞ അലംഭാവമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിപിഎം വളവനാട് ലോക്കല്‍ കമ്മറ്റി യോഗം കൂടി ജോസ് സിംസണിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. സിപിഎം ഏരിയാ നേതൃത്വം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി നല്‍കാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വത്തെ ഈ കാര്യം ചുമതലപ്പെടുത്തിയതായി സിപിഎം ഏരിയാ സെന്റര്‍ അറിയിച്ചു.
ഇതിനിടെ ജോസ് സിംസണ്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ ശാസ്ത്രി മുക്കില്‍ മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: