ന്യൂദല്‍ഹി: സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ 21ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളില്‍ ജിജ്ഞാസ, നൂതനാശയം, മികവ് എന്നിവ വളര്‍ത്തിയെടുക്കാന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് രാജ്യത്തുടനീളമുള്ള സ്‌കൂളുകളോട് അഭ്യര്‍ത്ഥിച്ചു. പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച നൈപുണ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളെ സ്വന്തം നിലയ്‌ക്ക് ചിന്തിക്കാനും അത്യാധുനിക സാങ്കേതികവിദ്യകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനും പരിശീലിപ്പിക്കണമെന്നും വിദ്യാഭ്യാസത്തോടുള്ള ഒരു ഭാവി സമീപനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു. ചെന്നൈയ്‌ക്ക് സമീപം വിഐടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സംരംഭമായ വെല്ലൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.
ഒരു കുട്ടിയുടെ വളര്‍ച്ചാ കാലഘട്ടത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം ക്ലാസ് മുറിയുടെ നാല് ചുവരുകളില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴില്‍ ചെലവഴിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ചു.
പുറത്തെ ലോകം അനുഭവിച്ചറിയാനും പ്രകൃതിയുടെ മടിത്തട്ടില്‍ സമയം ചെലവഴിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഇടപഴകാനും വിവിധ കരകൗശല രീതികള്‍ മനസ്സിലാക്കാനും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്ലാസ് റൂം പഠനത്തിന് അനുബന്ധമായി ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക അവബോധത്തിനും ഊന്നല്‍ നല്‍കണമെന്ന് ഉപരാഷ്‌ട്രപതി ആവശ്യപ്പെട്ടു. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവവും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: