ആലപ്പുഴ: പൊതുമേഖലയിലെ ഏക ഹോമിയോ ഔഷധനിര്‍മാണ സ്ഥാപനമായ ഹോംകോയില്‍ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ ഉപയോഗിച്ചതിനാല്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി ആരോപണം. ഏതാണ്ട് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്.
മാര്‍ച്ചില്‍ സ്റ്റോക്ക് എടുപ്പിന് ശേഷം ഓയില്‍ ഉത്പാദനം ആരംഭിച്ചെങ്കിലും ഓയില്‍ പെട്ടെന്ന് മോശമാകുന്നത് ജീവനക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഉത്പാദനം നിര്‍ത്തിവയ്ക്കുകയായിരുന്നു. പര്‍ച്ചേസ് നടപടികളുടെ പേര് പറഞ്ഞ് ആദ്യകാലഘട്ടം മുതല്‍ ഫാര്‍മസിയില്‍ വെളിച്ചെണ്ണ നല്‍കിയിരുന്ന ആലപ്പുഴയിലെ സ്ഥാപനത്തെ ഒഴിവാക്കി ആലുവയിലെ മറ്റൊരു സ്ഥാപനത്തില്‍ നിന്നും വെളിച്ചെണ്ണ വാങ്ങി തയ്യാറാക്കിയ ഓയിലാണ് കേടായത്.
ഈ വെളിച്ചെണ്ണ ഉപയോഗിച്ച് ഗുണനിലവാരമുള്ള ഓയിലുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ടും വന്നിരുന്നതായി സൂചനയുണ്ട്. ഉത്പാദനം പൂര്‍ത്തിയാക്കിയ ഓയിലുകള്‍ കുറച്ച് വിതരണം ചെയ്തതായും ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവ ഫാര്‍മസിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയുമാണ്. ഉപയോഗിക്കാന്‍ പറ്റാത്ത 4,000 കിലോഗ്രാം വെളിച്ചെണ്ണ സ്റ്റോക്ക് ഉള്ളതായും പറയുന്നു. ഇത് പ്രകാരം മാത്രം ഹോംകോയ്ക്ക് 30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.
ഗുണനിലവാരമുള്ള വെളിച്ചെണ്ണ വാങ്ങി ഓയില്‍ ഉത്പാദനം തുടങ്ങാന്‍ ഇത് വരെ സാധിച്ചിട്ടില്ല. പുതിയ സ്ഥാപനത്തില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങാന്‍ തീരുമാനമെടുത്തത് വന്‍സാമ്പത്തിക ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആക്ഷേപം. നിലവില്‍ ഹോംകോയ്ക്ക് മുന്‍കൂര്‍ പണം നല്കിയ ഓര്‍ഡറുകള്‍ കൃത്യ സമയത്ത് നല്കാന് സാധിക്കാത്ത അവസ്ഥയാണുള്ളത്. കൂടാതെ രാജസ്ഥാനിലേക്ക് അയച്ച മരുന്നിലെ അപാകതയും, ത്രിപുരയിലേക്ക് അയച്ച മരുന്ന് നിരസിച്ചതിനാലും സ്ഥാപനത്തിന് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. ഉത്പാദന വിഭാഗത്തിന്റെ താല്‍ക്കാലിക ചുമതല ഉണ്ടായിരുന്നവര്‍ കൃത്യമായി ഓര്‍ഡറുകള്‍ പരിശോധിക്കാഞ്ഞതും പരിചയക്കുറവും കാരണം ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയത്തില്‍ നടപടി ഉണ്ടാകാത്തതില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: