തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവു ബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് വിപുലമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനമായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവല്ലം, വര്‍ക്കല, ശംഖുംമുഖം, അരുവിക്കര, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുമുല്ലാവാരം എന്നിവിടങ്ങളിലും നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലും വാവുബലിക്ക് പിതൃതര്‍പ്പണം നടത്താന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും. തിരുവല്ലം ക്ഷേത്രത്തില്‍ സ്ഥിരമായുള്ള ബലിത്തറകള്‍ക്ക് പുറമെ ഒമ്പതു താത്കാലിക ബലിപ്പുരകള്‍ സ്ഥാപിക്കും.
വര്‍ക്കല പാപനാശം, തിരുമുല്ലാവാരം ക്ഷേത്രം, ആലുവ മണപ്പുറം എന്നിവിടങ്ങളിലും താത്കാലിക ബലിഷെഡ്ഡുകള്‍ നിര്‍മിച്ച് കൂടുതല്‍ ആളുകള്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കും. കൊട്ടാരക്കര, മാവേലിക്കര, കരുനാഗപ്പള്ളി, വൈക്കം, കൊല്ലം എന്നീ ദേവസ്വം ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളിലും ക്രമീകരണങ്ങള്‍ നടത്തും.
ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പുരോഹിതരെ ബോര്‍ഡ് നിയമിക്കും. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ തിലഹോമം നടത്താനുള്ള സൗകര്യവുമൊരുക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍മാരെ സ്‌പെഷല്‍ ഓഫീസര്‍മാരായി നിയോഗിക്കും. ജൂലൈ 28 ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ കര്‍ക്കടക വാവുബലിതര്‍പ്പണം ആരംഭിക്കും. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, ബോര്‍ഡ് സെക്രട്ടറി എസ്. ഗായത്രീദേവി, ചീഫ് എഞ്ചീനിയര്‍ അജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: