മുംബൈ:ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചതോടെ മഹാരാഷ്ട്രയില്‍ ബിജെപി ആഘോഷം തുടങ്ങി. ഇനി വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ദേവേന്ദ്ര ഫഡ്നാവിസ് ഒരിയ്ക്കല്‍ കൂടി മടങ്ങിയെത്തും.
ബുധനാഴ്ച മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലില്‍ ബിജെപി നിയമസഭാ കക്ഷിയോഗം ചേരുന്നതിനിടയിലാണ് കാത്ത്കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തുന്നത്. സുപ്രീംകോടതി ഗവര്‍ണര്‍ നിര്‍ദേശിച്ച വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ നടത്താന്‍ വിധിച്ചു. തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെയുടെ വാര്‍ത്താസമ്മേളനവും രാജിപ്രഖ്യാപനവും.
അതോടെ താജ് പ്രസിഡന്റ് ഹോട്ടലിലെ ബിജെപി ക്യാമ്പില്‍ ആഹ്ളാദാരവം ഉയര്‍ന്നു. പിന്നെ മധുരപ്പലഹാര വിതരണമായിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ ലഡു ഫഡ്നാവിസിന് വായില്‍വെച്ചുകൊടുത്തു. പിന്നീട് അന്യോന്യം മധുരപ്പലഹാരം പങ്കുവെയ്ക്കലായിരുന്നു.
ഇതിനിടെ മുംബൈയിലും താനെയും പുനെയിലുമെല്ലാം ബിജെപി പ്രവര്‍ത്തകര്‍ ആഹ്ളാദാരവം തുടങ്ങി. വെടിക്കെട്ടും പ്രകടനവും മുദ്രാവാക്യം വിളിയും അവസാനമില്ലാതെ തുടര്‍ന്നു. ഒരു അറബിക്കഥയിലെ കഥാമുഹൂര്‍ത്തങ്ങള്‍ പോലെയാണ് വലിയൊരു ഭരണമാറ്റം സംഭവിച്ചത്. അതുവരെ കെട്ടിയുയര്‍ത്തിയ പ്രതിരോധങ്ങള്‍ ഒന്നൊന്നായി തകര്‍ന്ന് ശിവസേനയും ഉദ്ധവ് താക്കറെയും കൂട്ടാളികളും ഒരു ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: