മുംബൈ: മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ നായകനായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. ഗവര്‍ണര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മഹാരാഷ്‌ട്രയിലെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിച്ചതോടെയാണ് രാജി പ്രഖ്യാപനം.
ഉദ്ധവ് താക്കറെയുടെ മുന്നില്‍ അന്തസ്സുള്ള ഒരേയൊരു വഴിയേ അവശേഷിച്ചിരുന്നുള്ളൂ-. അത് രാജി പ്രഖ്യാപിക്കല്‍ മാത്രമാണ്. മുഖ്യമന്ത്രി പദവിയോടൊപ്പം എംഎല്‍സി പദവി കൂടി രാജിവെയ്‌ക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഏതാണ്ട് അധികാരപദവികള്‍ മുഴുവനായി വലിച്ചെറിയുന്ന ഈ രീതി അച്ഛന്‍ ബാല്‍ താക്കറെയുടെ പാദങ്ങളെ പിന്തുടരാനാണോ എന്നും സംശയിക്കുന്നു. ബാല്‍ താക്കറെ എന്നും ഭരണാധികാരത്തില്‍ നിന്നും അകന്നുനില്‍ക്കുകയും പാര്‍ട്ടിയുടെ അധികാരത്തില്‍ മാത്രം വിശ്വസിക്കുകയും ചെയ്ത നേതാവാണ്.
“ഞാന്‍ അധികാരത്തില്‍ എത്തിയത് അപ്രതീക്ഷിത രീതിയിലാണ്. അതുപോലെ തന്നെയാണ് ഞാന്‍ പുറത്ത് പോകുന്നതും. ഞാന്‍ എന്നെന്നേയ്‌ക്കുമായി അകന്നുപോകുന്നില്ല. ഞാന്‍ ഇവിടെ ഒരിയ്‌ക്കല്‍ കൂടി ശിവസേന ഭവനില്‍ ഇരിയ്‌ക്കും. എന്റെ കൂടെയുള്ള എല്ലാവരേയും ഞാന്‍ ഒപ്പം കൂട്ടും.” – അദ്ദേഹം പറഞ്ഞു. രാജിപ്രഖ്യാപനത്തിനിടയില്‍ ശരത് പവാറിനും സോണിയാഗാന്ധിയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. അതല്ലെങ്കില്‍ വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനായിരുന്നു രാജി.
ഇതിന് മുന്‍പ് മൂന്ന് വട്ടം സ്വമനസ്സാലേ രാജിവെയ്‌ക്കാന്‍ ഉദ്ധവ് താക്കറെ ഒരുങ്ങിയതാണ്. എന്നാല്‍ എങ്ങിനെയെങ്കിലും അധികാരത്തില്‍ തൂങ്ങാമെന്ന വിശ്വാസം കൊണ്ടോ, അതല്ലെങ്കില്‍ ശിവസേനയെ നെടുകെ പിളര്‍ക്കാമെന്ന ഗൂഢചിന്തയാലോ അപ്പോഴെല്ലാം ശരത് പവാറാണ് അദ്ദേഹത്തെ രാജിയില്‍ നിന്നും പിന്തിരിപ്പിച്ചത്.
അതിന് ശേഷം തെരുവില്‍ വിമത ശിവസേന എംഎല്‍എമാരെ നേരിടാന്‍ ഗുണ്ടാവെല്ലുവിളികള്‍ നടത്തുകയായിരുന്നു പിന്നീട് സഞ്ജയ് റാവുത്തും മറ്റ് ശിവസേന നേതാക്കളും. ഭയപ്പെടുത്തി വിമത എംഎല്‍എമാരെ വശത്താക്കാമെന്ന ബുദ്ധി ഉപദേശിച്ചതും ശരത് പവാര്‍ തന്നെയാണ്.
ഏറ്റവുമൊടുവില്‍ രണ്ടര വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്യാതിരുന്ന ഹിന്ദുത്വ പ്രവര്‍ത്തനം ഇന്ന് ചെയ്യുക വഴി വീണ്ടും ഉദ്ധവ് താക്കറെ അപഹാസ്യനായി. തിരിക്കിട്ട് ബുധനാഴ്ച വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ ഉദ്ധവ് താക്കറെ ഔറംഗബാദിനെ സാംബാജി നഗറായി പ്രഖ്യാപിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ മകന്‍ സാംബാജി ചക്രവര്‍ത്തിയുടെ പേര് നല്‍കിയപ്പോഴേയ്‌ക്കും ഏറെ വൈകിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: