ന്യൂദല്‍ഹി: ഗവര്‍ണര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിയുടെ തീരുമാനം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ജയിലില്‍ കഴിയുന്ന എന്‍സിപി എംഎല്‍എമാരായ നവാബ് മാലിക്ക്, അനില്‍ ദേശ് മുഖ് എന്നിവരെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ചു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരായതിനാല്‍ സിബിഐയുടെയോ ഇഡിയുടെയോ പ്രതിനിധികള്‍ക്ക് ഇവരെ അനുഗമിക്കാം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഗവര്‍ണര്‍ കോഷിയാരി വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നല്കിയ നിര്‍ദേശത്തിനെതിരെ ശിവസേന നല്കിയ ഹര്‍ജിയില്‍ വലിയ വാദമുഖങ്ങള്‍ക്കാണ് സുപ്രീംകോടതി വേദിയായത്. നിയമവിരുദ്ധമാണെന്ന് തോന്നുന്നെങ്കില്‍ മാത്രം വിശ്വാസവോട്ടെടുപ്പ് മാറ്റിവെയ്ക്കാം എന്ന മുഖവുരയോടെയാണ് സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിക്കാമെന്ന് തീരുമാനിച്ചത്. എന്തായാലും ഈ വിധിയോടെ ശിവസേന നേതാവ് ബാല്‍ താക്കറെയുടെയും എന്‍സിപി നേതാവ് ശരത് പവാറിന്റെയും പ്രതീക്ഷകള്‍ക്ക് ഏതാണ്ട് അന്ത്യമായി.
ഗവര്‍ണര്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ശിവസേനയില്‍ നിന്നും പോയ വിമതരായ 39 എംഎല്‍എമാര്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും കുതിരക്കതച്ചടവടം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഗവര്‍ണര്‍ എത്രയും നേരത്തെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും തുഷാര്‍ മേത്ത ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് വാദിച്ചു. നിയമസഭയുടെ തറയാണ് ജനാധിപത്യ ശക്തികളുടെ ഉറവിടമെന്നും താങ്കള്‍ക്ക് അധികാരമുണ്ടെങ്കില്‍ അത് സഭയില്‍ ഇപ്പോള്‍ തന്നെ പരിശോധിക്കാന്‍ അനുവദിക്കണമെന്നും തുഷാര്‍ മേത്ത ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു.
സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും ഓഫീസുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം. അതുകൊണ്ട് തന്നെ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണം.
സ്പീക്കര്‍ അയോഗ്യത കല്പ്പിക്കാന് വേണ്ടി ആരംഭിച്ച നടപടികള്‍ അവിടെ നില്ക്കുമ്പോള് വിശ്വാസവോട്ടെടുപ്പ് അസാധ്യമാണെന്നായിരുന്നു ശിവസേനയ്ക്ക് വേണ്ടി ഹാജരായ അഭിഷേഖ് മനു സിംഗ് വി വാദിച്ചത്.
ഏക് നാഥ് ഷിന്‍ഡേയ്ക്ക് വേണ്ടി സീനിയര്‍ അഡ്വ. നീരജ് കിഷന് കൗള്‍ വാദിച്ചു. സ്പീക്കറെ മാറ്റുന്ന സാഹചര്യത്തില്‍ മാത്രമേ അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് തീരുമാനിക്കേണ്ട കാര്യമുള്ളൂ എന്ന് അരുണാചല്‍ പ്രദേശിലെ സ്പീക്കറായിരുന്ന നബം റാബിയ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ സ്റ്റേ ചെയ്ത സുപ്രീംകോടതി ഫുള്‍ബെഞ്ച് വിധി ഉയര്‍ത്തിക്കാട്ടിയാണ് വാദിച്ചത്. പത്താം ഷെഡ്യൂള്‍ വിശ്വാസവോട്ടെടുപ്പ് വിലക്കാനുള്ള അടിത്തറയല്ലെന്നും കൗള്‍ വാദിച്ചു. സഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്പീക്കര്‍ക്ക് അയോഗ്യത നോട്ടീസ് അയയ്ക്കാനുള്ള അധികാരമില്ലെന്നുള്ളതായിരുന്നു മറ്റൊരു വാദം. ജൂണ്‍ 24നാണ് സ്പീക്കര്‍ 16 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടീസ് അയച്ചത്. സ്പീക്കര്‍ക്ക് അതിനുള്ള അധികാരമില്ല. – കൗള്‍ വാദിച്ചു. സാധാരണ ചിലര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് വിശ്വാസവോട്ടെടുപ്പ് വേണമെന്ന് പറഞ്ഞാണ് പാര്‍ട്ടികള്‍ കോടതിയെ സമീപിക്കുക പതിവ്. ഇവിടെ സംഭവിച്ചത് നേരെ എതിരാണ്. പാര്‍ട്ടി ഇവിടെ വിശ്വാസവോട്ടെടുപ്പ് വേണ്ട എന്നാണ് വാദിക്കുന്നത്. ജനാധിപത്യത്തിന്റെ സ്വാഭാവിക നൃത്തം സംഭവിക്കേണ്ടത് സഭയിലെ നടുത്തളത്തിലാണ്. – വിശ്വാസവോട്ടെടുപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗള്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: