തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കനയ്യ ലാലിന്റെ കൊലപാതകം ഭാരതം മുന്നോട്ടു വെയ്‌ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. എല്ലാ മാനവിക മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യുന്ന, ഭാരതത്തിന് കേട്ടുകേള്‍വിയില്ലത്ത താലിബാന്‍ മോഡല്‍ കൊലപാതകം നടന്നിട്ട് അതിനെതിരെ ഒന്നു പ്രതികരിക്കാന്‍ തയ്യാറാവാത്ത സാംസ്‌കാരിക നായകന്മാരുടെയും ബുദ്ധിജീവികളുടെയും മഹാമൗനം ആ ഭീകരതയെക്കാള്‍ അപകടകരമാണെന്ന് തപസ്യകലാ സാഹിത്യവേദി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ‘അരുത് കാട്ടാള’ എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ചിന്താ വേദി ചെയര്‍മാന്‍ എം ഗോപാല്‍ അഭിപ്രായപ്പെട്ടു.
വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും അഭിപ്രായങ്ങളും സമന്വയിപ്പിക്കപ്പെടുന്ന നാടായ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ അവകാശത്തിന്‍ മേല്‍ നടന്ന കയ്യേറ്റമായി തപസ്യ ഇതിനെ കാണുന്നു.
ദുഷിച്ചു പോയ രണ്ട് ചെറുപ്പക്കാരുടെ ദുഷ്പ്രവൃത്തിയല്ല ഇത്. രാഷ്‌ട്ര ഹിതത്തിന് എതിരായുള്ള ഭാരതത്തിലും അന്താരാഷ്‌ട്ര തലത്തിലും നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇതിനെ കാണേണ്ടത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു കൊണ്ട് സമീപകാലത്ത് നടക്കുന്ന ദേശവിരുദ്ധതയുടെ പ്രതീകമായി ഇതിനെ കരുതാം.
എല്ലാ മാനവിക ബോധങ്ങളുടെയും മേല്‍ നിണച്ചാലിന്റെ കരിമ്പടപ്പുതപ്പ് മൂടുന്ന കൊലപാതകത്തിനെതിരെ പ്രതികരിക്കാന്‍ ധാര്‍മ്മികതയുള്ള ബുദ്ധിജീവി സമൂഹം എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഭരണകൂടം വലിച്ചെറിയുന്ന സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വേട്ടക്കാരനൊപ്പം ഓടുന്ന പുതിയ കാലത്തിന്റെ കെട്ട നീതിക്കെതിരായിട്ടാണ് തപസ്യ ദീപം തെളിച്ചതെന്ന് തുടര്‍ന്നു സംസാരിച്ച തപസ്യ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിനും മാനവ പുരോഗതിയ്‌ക്കും അടിത്തറയായി നില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണം ആഘോഷിക്കപ്പെടേണ്ടതല്ല. കൊലപാതകം ന്യായീകരിക്കപ്പെടേണ്ടതുമല്ല, അതാരുടേതായാലും. ഇത്തരം നൃശംസതയെ എതിര്‍ക്കുകയും മാനവികതയുടെ കാവലാളാവുകയ്യം ചെയ്യേണ്ട സാംസ്‌കാരിക നായകര്‍ അവരുടെ കടമ വിസ്മരിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നിന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.
ആത്മനിര്‍ഭര്‍ഭാരതവും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവും ലോകത്തിന് മുന്നില്‍ ഭാരതം കാട്ടിക്കൊടുക്കുന്നത് ഉറപ്പുള്ള ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇതിനെ തകര്‍ക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും അതിനെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന് തപസ്യ ആവശ്യപ്പെട്ടു.
തപസ്യ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തപസ്യ സംസ്ഥാന സെക്രട്ടറി ജി എം മഹേഷ്, സംസ്‌കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തപസ്യ ജില്ലാ സെക്രട്ടറി ജി. ഗിരീഷ് കുമാര്‍ സ്വാഗതവും സജി കമല നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: