പൂനെ: ഛത്രപതി ശിവജി ഹിന്ദുസമൂഹത്തിന്റെ മാത്രമല്ല മുഴുവന്‍ ഭാരതീയരുടെയും ആത്മവിശ്വാസത്തിന്റെ പ്രതീകമാണെന്നും ആ ജീവിതം ഭാരതം മുന്നോട്ടുവയ്ക്കുന്ന വിശ്വമാതൃകയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കേദാര്‍ ഫഡ്കെ എഴുതിയ ‘ശിവഛത്രപതി- സ്വരാജ്യ ടു സാമ്രാജ്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പൂനെയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പോരാളി, രാഷ്ട്രതന്ത്രജ്ഞന് എന്നീ നിലകളില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും ശിവജിയുടെ ജീവിതം ലോകത്തിന് പാഠമാണ്. രാജ്യചരിത്രത്തിന്റെയാകെ സാരാംശം ആ ജീവിതത്തിലുണ്ട്. ഇരുന്നൂറ്-മുന്നൂറ് വര്‍ഷത്തോളം ഇന്ത്യയിലെ രാജാക്കന്മാര് ഇസ്ലാമിക അധിനിവേശത്തോട് പൊരുതിയവരാണ്.
അറബ് നാടുകളില്‍ നിന്ന് കടന്നുവന്ന ഇസ്ലാമിക ശക്തികളുടെ അടിത്തറ മതമായിരുന്നില്ല മതരാഷ്ട്രമായിരുന്നു. ആ ആക്രമണങ്ങള്‍ മതപരമോ രാഷ്ട്രീയമോ എന്നതിനേക്കാള്‍ വന്യമായിരുന്നു. അവയോട് എല്ലാ രാജാക്കന്മാരും പ്രതിരോധിച്ചുനിന്നെങ്കിലും ഏറ്റവും വിജയിച്ച പോരാട്ട മാതൃക ഛത്രപതി ശിവജിയുടേതായിരുന്നുവെന്നും സര്‍സംഘചാലക് പറഞ്ഞു.
അദ്ദേഹം ജനങ്ങളെ സംഘടിപ്പിക്കുകയും അവരെ പോരാളികളാക്കുകയും ചെയ്തു. ജനങ്ങളിലുള്ള വിശ്വാസമായിരുന്നു ശിവജിയുടെ സാമ്രാജ്യത്തിന്റെ കരുത്ത്. രാഷ്ട്രത്തോടുള്ള ഈ വിശ്വാസം ഓരോ വ്യക്തിയിലുമുള്ള പ്രതിലോമചിന്തകളെ ഇല്ലാതാക്കും. സമാനമായ സാഹചര്യങ്ങള്‍ ഇക്കാലത്തുമുണ്ടെന്നും അതുകൊണ്ടാണ് ശിവജിയുടെ ചരിത്രം കാലാതീതമായ മാതൃകയാകുന്നതെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ശിവജി സ്മാരക സമിതി ഉപാധ്യക്ഷന്‍ ഉദയ് ഖര്ദേക്കര്, ഡോ. സുബ്ബറെഡ്ഡി, പ്രദീപ് റാവത്ത്, കേദാര്‍ ഫഡ്കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: