തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതിയുള്ള എക്സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായി. ഗൂഗിള്‍ അടക്കം സെര്‍ച്ച് എന്‍ജിനുകളില്‍ നിന്ന് വൈബ്സൈറ്റിന്റെ ഡൊമൈന്‍ നീക്കം ചെയ്തെന്നാണ് സൂചന. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയതിന്റെ തെളിവ് മാത്യു കുഴല്നാടന് എംഎല്‍എ പുറത്തുവിട്ടതിനു പിന്നാലെയാണ് സജീവമായിരുന്ന വെബ്സൈറ്റ് അപ്രത്യക്ഷമായത്. www.exalogic.in എന്ന വെബ്സൈറ്റാണ് അപ്രത്യക്ഷമായത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) സ്പേസ് പാര്‍ക്കില്‍ നിയമിച്ചതു വിവാദമായിരുന്നു. വെബ് ആര്‍ക്കൈവ്സില്‍നിന്നുള്ള വിവരങ്ങള്‍ മാത്യു കുഴല്നാടന് വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 2020 മേയ് 20 വരെ സൈറ്റില്‍ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റര്‍ ആണെന്ന വിവരവും ഉണ്ടായിരുന്നതായി മാത്യു കുഴല്നാടന് പറഞ്ഞു. പിന്നീട് സൈറ്റ് ഡൗണ്‍ ആയി. ജൂണ്‍ 20ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോള്‍ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ല. സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കാന്‍ മുന്‍കൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി, താന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ തയാറുണ്ടോയെന്ന് കുഴല്നാടന് ചോദിച്ചു. താന്‍ പറഞ്ഞ വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാമെന്നും കുഴല്നാടന് പറഞ്ഞിരുന്നു. ഇപ്പോള്‍ മാത്യുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സൈറ്റ് വീണ്ടും അപ്രത്യക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: