കോട്ടയം: കന്നുകാലി ഫാമിന്റെ മറവില്‍ ഹാന്‍സ് നിര്‍മിച്ച് വില്‍പ്പന നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അതിരമ്പുഴ സ്വദേശിയായ ജഗന് ജോസ്(30), കുമ്മനം സ്വദേശിയായ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്നും ഒട്ടേറെ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുവാനുള്ള അസംസ്കൃത വസ്തുക്കള്‍ കേരളത്തിന് പുറത്തുനിന്നാണ് ഇവിടേക്ക് എത്തിച്ചിരുന്നത്. ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന യന്ത്രവല്‍കൃത ചെറുകിട ഫാക്ടറിയില്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്ന ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളാണ് കണ്ടെത്തിയത്. പുകയില ഉല്പന്നങ്ങള് പായ്ക്ക് ചെയ്യാനായി തയാറാക്കിയ കവറുകള്‍, പായ്ക്കിങ്ങിനായുള്ള പ്രത്യേക യന്ത്രം തുടങ്ങിവ പിടിച്ചെടുത്തവയില്‍പെടുന്നു. കുറവിലങ്ങാട് കാളിയാര്‍തോട്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് നടുവിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.
ഒരു വര്‍ഷത്തോളമായി, മൂന്നു ആടുകളും ഒരു പശുവും ഒരു പശുക്കിടാവുമായി കന്നുകാലി ഫാമിന്റെ മറവില്‍ ലഹരി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഫാം നടത്താനെന്ന പേരിലാണ് ഇരുവരും ചേര്‍ന്ന് ഫാം വാടകയ്ക്ക് എടുത്തിരുന്നതെന്ന് സ്ഥലം ഉടമ അറിയിച്ചു. രാത്രി കാലങ്ങളിലായിരുന്നു പായ്ക്കിങ് നടന്നിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കാലിത്തീറ്റ ചാക്കുകളിലാക്കിയാണ് ലഹരി ഉല്പന്നങ്ങള് കടത്തിയിരുന്നത്. കോട്ടയം എസ്പിയുടെ കീഴിലുളള ഡാന്‍സാഫ് സ്ക്വാഡും കുറുവിലങ്ങാട് പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പശുവളര്‍ത്തല്‍ ഫാമിലെ ഷെഡിനോടു ചേര്‍ന്നുള്ള മുറിയിലാണ് പാക്കിങ് യന്ത്രം ഉള്‍പ്പെടെ സജ്ജീകരിച്ചത്.
മുറിക്കുള്ളില്‍ ഹാന്‍സ് എന്ന പേരില്‍ നിരോധിത ഉല്പന്നം പായ്ക്ക് ചെയ്യുന്നതിനുള്ള യന്ത്രം, പ്ലാസ്റ്റിക് ചാക്ക് തുന്നുന്ന യന്ത്രം എന്നിവ കണ്ടെത്തി. അസംസ്കൃത വസ്തുക്കള്‍ പൊടിക്കാനും പ്ലാസ്റ്റിക് കവറുകള്‍ നിര്‍മിക്കാനും കവറില്‍ ഉല്പന്നത്തിന്റെ പേര് പ്രിന്റ് ചെയ്യാനുമുള്ള സംവിധാനങ്ങളും ഉണ്ട്. പുകയില നിറച്ച ചാക്കുകള്‍, പാക്കറ്റുകളിലാക്കിയ ഉല്പന്നങ്ങള് എന്നിവ കണ്ടെത്തി. വന്‍ തോതില്‍ പുകയിലയും അസംസ്കൃത വസ്തുക്കളും എത്തിച്ച് ഉല്പന്നം ഉണ്ടാക്കി പായ്ക്ക് ചെയ്ത് വിപണനം നടത്തുകയാണ് ചെയ്തിരുന്നത്. മുന്‍പ് ഇവിടെ പശുവളര്‍ത്തല്‍ ഫാം പ്രവര്‍ത്തിച്ചിരുന്നതാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രതികള്‍ 15,000 രൂപ മാസവാടകയ്ക്ക് ഇതെടുത്തത്.
പോലീസ് എത്തുമ്പോള്‍ ഇവിടെ പശു പ്രസവിച്ചു കിടക്കുകയായിരുന്നു. നിര്‍മാണ കേന്ദ്രത്തില്‍ ആരും ഉണ്ടായിരുന്നില്ല. തീറ്റയും വെള്ളവും ലഭിക്കാതെ അവശനിലയിലായിരുന്ന പശുവിനു പോലീസാണ് വെള്ളവും മറ്റും നല്‍കിയത്. ഫാമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പശുവിനെ കെട്ടിയിരുന്നതെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: