ഉദയ്പൂര്‍: മുഹമ്മദ് നബിക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് കനയ്യ ലാലിനെ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കനയ്യയെ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ ഉന്നത സംഘം പ്രതികളെ ചോദ്യം ചെയ്യാന്‍ രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളില്‍ പലതും ഐഎസ് ബന്ധം വ്യക്തമാക്കുന്നതാണ്. നേരത്തേ ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, തയ്യല്‍ക്കാരനായ കനയ്യ ലാല്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍പ് പരാതി നല്‍കിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ജാഗ്രത പുലര്‍ത്താത്തതിന് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ധാന്‍മണ്ഡി സ്റ്റേഷനിലെ ഭന്‍വര്‍ ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജൂണ്‍ 15നാണ് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കനയ്യ ലാല്‍ പൊലീസിനെ സമീപിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇക്കാര്യത്തില്‍ പരാതി എഴുതി നല്‍കുകയും ചെയ്തു. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്താങ്ങുന്ന സന്ദേശം കനയ്യ ലാല്‍ ഏതാനും ദിവസം മുന്‍പു പങ്കുവച്ചതായി ചിലര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ഇസ്ലാമിക സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പൂരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: