തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ലെന്ന് എംഎല്‍എ ഷാഫി പറമ്പില്‍. അടിയന്തിര പ്രമേയം അവതരപ്പിച്ചുകൊണ്ട് നിയമസഭയില്‍ സംസാരിക്കവേയാണ് ഈ പരാമര്‍ശം.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്നയുടെ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. യുഡിഎഫിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ലിത്. എന്തുകൊണ്ട് ഷാജ് കിരണിനെതിരെ നടപടി സ്വീകരിക്കുന്നില്ല. സരിത്തിന്റെ ഫ്ളാറ്റിലേക്ക് കയറാന്‍ പോലീസിനെ പ്രേരിപ്പിച്ചത് എന്തണ്. എന്ത് കൊണ്ടാണ് ഷാജ് കിരണ്‍ പറയും പോലെ കേരളത്തില്‍ എല്ലാം നടക്കുന്നത്. അയാള്‍ പറയുമ്പോള്‍ സരിത്തിനെ പോലീസ് പിടിക്കുന്നു. അയാള്‍ പറയുമ്പോള്‍ പോലീസ് വിടുന്നുവെന്നതാണ് നടന്നത്.
രഹസ്യ മൊഴി നല്‍കിയതിന് പിന്നാലെയാണ് സരിത്തിനെ വിജിലന്‍സ് തട്ടികൊണ്ട് പോയത്. എന്താണ് ഇവിടെ നടക്കുന്നത്. വിജിലന്‍സ് മേധാവിയെ മാറ്റാന്‍ കാരണമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയണം. എന്തിനാണ് മുന്‍ മേധാവി എം.ആര്. അജിത്ത് ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പോലീസില്‍ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി നിയമസഭയില്‍ ചോദിച്ചു.
രഹസ്യ മൊഴി കൊടുത്തതിന് പേരില്‍ എന്തിനാണ് സ്വപ്നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്തമാക്കണം. രഹസ്യ മൊഴി നല്‍കിയതിനു പേരില്‍ ഗൂഡലോചനക്ക് കേസ് എടുത്തത് ഇന്ത്യയില്‍ ആദ്യമായിരിക്കും. ആരോപണം വ്യാജമെങ്കില്‍ സെക്ഷന്‍ 499 പ്രകാരം വ്യാജ ആരോപണങ്ങളില്‍ നടപടിയെടുക്കുകയല്ലേ വേണ്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പിലും അവതാരങ്ങളുടെ ചാകരയാണ്. ശിവശങ്കര്‍ ഉള്‍പ്പടെ ഉന്നത പദവികള്‍ വഹിക്കുന്നു. കൂടാതെ ശിവശങ്കര്‍ കസ്റ്റംസിന് കൊടുത്ത മൊഴിയും പ്രതിപക്ഷം സഭയിലുന്നയിച്ചു. ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞത് ബാഗേജ് മറന്നില്ലെന്നാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനെ ബാഗേജ് വിട്ടു പോയി എന്ന് ശിവശങ്കര്‍ കസ്റ്റംസിന് മുമ്പാകെ മൊഴി നല്‍കിയത്. ഇവരില്‍ ആരാണ് കള്ളം പറയുന്നതെന്നും ഷാഫി ചോദിച്ചു.
വിജിലന്‍സ് മേധാവിസ്ഥാനത്തുനിന്ന് എം.ആര്. അജിത് കുമാറിനെ എന്തുകൊണ്ട് മാറ്റി. 30-ല്‍ അധികം തവണ തമ്മില്‍ സംസാരിക്കാന്‍ അജിത്കുമാറിനും ഷാജ് കിരണിനും എന്താണ് ബന്ധം. വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയിട്ട് പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചത് എന്തിന്. സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയ ശിവശങ്കറിനെതിരേ എന്തുകൊണ്ട് നടപടി എടുത്തില്ല. ഏതെങ്കിലും പൈങ്കിളിക്കഥകള്‍ക്ക് പിന്നാലെയല്ല പ്രതിപക്ഷം സ്വപ്നയ്ക്ക് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ മത്സരിക്കുന്നവരല്ല പ്രതിപക്ഷം. സ്വപ്ന സുരേഷിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് അവര്‍ പറയുന്നത് കേള്‍ക്കൂ എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് എല്‍ഡിഎഫാണെന്നും ഷാഫി വിമര്‍ശിച്ചു.
സ്വപ്നയുടെ മൊഴി സംബന്ധിച്ച് ഷാഫി പറമ്പില്‍ ചോദ്യം ഉന്നയിക്കുന്നതിനിടെ മന്ത്രി പി. രാജീവ് സഭയില്‍ എഴുന്നേറ്റ് പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കുകയും രഹസ്യ മൊഴി എങ്ങനെ പരാമര്‍ശിക്കുമെന്നും ചോദിച്ചു.
അതേസമയം പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കളരിയെന്ന് വി. ജോയ് എംഎല്‍എ അടിയന്തിര പ്രമേയ അവതരണത്തിന് ശേഷം പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കാരണം അസഹിഷ്ണുതയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരില്ലെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചത്. വീണ്ടും വന്നതിലുള്ള അസഹിഷ്ണുതയാണ് അവര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന, ഷാജ് കിരണ്‍, എച്ച്.ആര്.ഡി.എസ്, അതിന്റെ ഡയറക്ടര്‍ ബിജു കൃഷ്ണന്, അഡ്വ. കൃഷ്ണരാജ്, പി.സി. ജോര്‍ജ് ഇതിനെല്ലാം ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാര്‍ എന്നവരാണ് സര്‍ണക്കടത്ത് കേസിന്റെ രണ്ടാം എപ്പിസോഡിലെ അഭിനേതാക്കള്‍. ഇതിനെ ആകെ കൂട്ടിമുട്ടിക്കുന്ന ബിജെ.പി-കോണ്‍ഗ്രസ് നേതാക്കളും സരിതയുമാണ് ഈ കൂട്ടുകെട്ടിനെല്ലാം പിന്നില്‍. ഷാജ് കിരണ്‍ ഞങ്ങളുടെ ആരുടേയും സുഹൃത്തുമല്ല ദല്ലാളുമല്ല. ഷാജ് കിരണിന് പ്രതിപക്ഷ നേതാക്കളുമായും ബിജെപി നേതാക്കളുമായുമാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കൃഷ്ണരാജിന്റെ ഏറ്റവും വലിയ അടുപ്പക്കാരന് പ്രതിപക്ഷ നേതാവാണ്. 29 വര്‍ഷക്കാലത്തെ ആത്മമിത്രം എന്നാണ് കൃഷ്ണരാജ് ഫെയ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ചിത്രം പൊട്ടിച്ചത് എസ്എഫ്ഐക്കാരാണെന്ന് എം.വിന്‍സെന്റ് എംഎല്‍എയെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും വി. ജോയ് ചോദിച്ചു. അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ ചുവരില്‍ ഗാന്ധിയുടെ ചിത്രം കാണാമെന്നും, അതിനുശേഷം ചിത്രം തകര്‍ക്കുകയായികുന്നു വി. ജോയ് പറഞ്ഞു.
സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്ന് മാത്യു കുഴല്‍നാടനും ചോദിച്ചു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോള്‍ ഒന്നര ലക്ഷം രൂപ ശമ്പളം നല്‍കിയാണ് സ്വപ്നയെ പിഡബ്ല്യൂസി നിയമിച്ചത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. പിഡബ്ല്യൂസി ഡയറക്ടറായിരുന്നു ബാലകുമാര്‍. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നത്.
ബാഗ് മറന്നു വയ്ക്കുന്നത് സ്വാഭാവികമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി യുഎഇയില്‍ ആയിരിക്കുമ്പോള്‍ ബാഗ് മറന്നെങ്കില്‍ അത് കൊടുത്തയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ത്രാണിയില്ലേ. എന്തിനാണ് നയതന്ത്രചാനല്‍ ഉപയോഗിച്ചത്. ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയാണെന്ന കാര്യം മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയമോ. ഒരു സിപിഎം നേതാവിനോ എംഎല്‍എയ്ക്കുമോ ഇല്ലാത്ത പ്രിവിലേജ് സ്വപ്നയ്ക്ക് നല്‍കിയിരുന്നെന്നും മാത്യൂ കുഴല്നാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: