ടെക്സസ്: യുഎസിലെ ടെക്സസ് റോഡ് വേയിൽ ട്രാക്ടർ ട്രെയിലറിനുള്ളിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി. സാന്‍ അന്റോണിയയിലെ ക്വിൻ്റാന റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ട്രക്ക്. ട്രക്കിൽ ജീവനോടെ കണ്ടെത്തിയ 16 പേരെ ആശുപത്രികളിൽ എത്തിച്ചു. ട്രക്കിന്റെ ഡ്രൈവർ ഒളിവിലാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചവരെന്നാണ് നിഗമനം. അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയായിരുന്നു ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. ഉഷ്ണതരംഗം തുടരുന്ന സാൻ അൻ്റോണിയയിൽ താപനില 103 ഡിഗ്രിയാണ്. പുറത്ത് 75 ഡിഗ്രി ചൂടുണ്ടെങ്കിൽ ഒരു വാഹനനത്തിനുള്ളിലെ താപനില 115 ഡിഗ്രിക്ക് മുകളിൽ എത്താമെന്ന് ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ സാന്‍ അന്റോണിയോ പോലീസ് തയാറായില്ല. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നതായും വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ ദുരന്തമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: