കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്.
എട്ട് വര്‍ഷം അനുഭവ പരിചയം വേണ്ടിടത്ത് വെറും നാല് വര്‍ഷം മാത്രം അനുഭവപരിചയമുള്ള പ്രിയവര്‍ഗ്ഗീസിന് നിയമനം നല്‍കുന്നതിനെതിരെ തുടക്കം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സേവ് യൂണിവേഴ്സിറ്റി കാമ്പയിനായിരുന്നു ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒന്നര ലക്ഷമാണ് മാസ ശമ്പളം.
പ്രിയവര്‍ഗ്ഗീസ് തൃശൂര്‍ കേരളവര്‍മ്മയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഏഴ് വര്‍ഷം പഠിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വര്‍ഷം അവര്‍ പിഎച്ച്ഡി ചെയ്യാനായി അവധിയെടുത്ത് പോയി. ഈ മൂന്ന് വര്‍ഷം അധ്യാപനപരിചയമായി പരിഗണിക്കില്ലെന്ന് പറയുന്നു. 2018ലെ യുജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ നിയമനങ്ങള്‍ക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടില്ലെന്നുണ്ട്. അതുകൊണ്ട് തന്നെ പ്രിയ വര്‍ഗ്ഗീസിന് വെറും നാല് വര്‍ഷത്തെ മാത്രം അധ്യാപന പരിചയമേ ഉള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു. പ്രിയ ഉയര്‍ത്തിയ മറ്റൊരു വാദം 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടറായിരുന്നത് ഭരണപരമായ ജോലിയായതുകൊണ്ട് ഇതും അധ്യാപന കാലയളവായി കണക്കാക്കണമെന്നാണ്. എന്നാല്‍ യുജിസി നിയമപ്രകാരം ഇതിന് കഴിയില്ല.
യുജിസി ചട്ടമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും (പിഎച്ച്ഡി) എട്ട് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി അധ്യാപന പരിചയവുമാണ് വേണ്ടത്. മതിയായ യോഗ്യതകളില്ലാതെയാണ് രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗ്ഗീസിനെ തസ്തികയിലേക്ക് പരിഗണിക്കുന്നതെന്ന് തുടക്കം മുതലേ പരാതിയുണ്ടായിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ ഏറ്റവും നന്നായി പ്രിയ പ്രകടനം നടത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ നിയമിച്ചതെന്ന് സര്‍വ്വകലാശാല പറയുന്നു.
ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്കറിയ ഏറെ പരിചയസമ്പന്നനാണ്. 27 വര്‍ഷമായി അധ്യാപകനാണ് ഇദ്ദേഹം. 14 വര്‍ഷത്തോളം അസിസ്റ്റന്റ് പ്രൊഫസറാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇദ്ദേഹത്തെ തസ്തികയിലേക്ക് പരിഗണിച്ചില്ല.
ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് നവമ്പര്‍ 23ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് വിവാദം കാരണം നിയമനം നടന്നില്ല. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പിന്നീട് ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ വീണ്ടും വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: