തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയില്‍ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധം ജനങ്ങള്‍ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് സിപിഎമ്മിനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലും മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഫാസിസിറ്റ് ഭരണകൂടം വിലക്കിയിരിക്കുന്നത്.
കൊവിഡ് കാലത്ത് പാര്‍ലമെന്റില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ എണ്ണം ചുരുക്കിയപ്പോള്‍ മാദ്ധ്യമവിലക്കെന്ന് പ്രഖ്യാപിച്ച ബുദ്ധിജീവികളെയും സാംസ്കാരിക നായകന്മാരെയും ഇപ്പോള്‍ കാണാനില്ലെന്ന് സുരേന്ദ്രന് പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിംങ് ജോംങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയന് കേരളത്തിലും നടപ്പിലാക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച് നാണംകെടാതെ രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ചെയ്തത് തന്നെയാണ് ഇപ്പോള്‍ പിണറായി വിജയനും ചെയ്യുന്നത്. അന്ന് മാദ്ധ്യമങ്ങള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തിയെങ്കില്‍ ഇന്ന് പിആര്‍ഡി ഔട്ട് മാത്രമാണ് നല്‍കിയത്. ഇന്ദിരക്കെതിരായ വാര്‍ത്തകള്‍ എല്ലാം കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം വെട്ടിയത് പോലെ സഭയ്ക്കുള്ളിലെ പ്രതിഷേധ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കിയില്ല. മാദ്ധ്യമവിലക്കിനെ സംബന്ധിച്ച് സ്പീക്കറുടെ മറുപടി അരിയാഹാരം കഴിക്കുന്നവര്‍ ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
വയനാട്ടിലെ എസ്എഫ്ഐ ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്ന പണിയല്ല. കേരളത്തില്‍ കലാപമുണ്ടാക്കി രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. വിഡി സതീശന് മാദ്ധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതും പ്രതിഷേധാര്‍ഹമാണ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ഭീഷണി മുഴക്കുകയാണ്. കേരള രാഷ്ട്രീയം ഇത്രയും മലീമസമായ മറ്റൊരു സമയമുണ്ടായിട്ടില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: