ന്യൂദല്‍ഹി: ആദിവാസി ഗോത്രവനിതയായ ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വന്നതിന് ശേഷം പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഉറക്കം നഷ്ടമാവുന്നു. പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍ നിന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേച്ചൊല്ലി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ ഉയര്‍ന്ന കലഹം ഇതുവരെയും അവസാനിച്ചിട്ടില്ല. ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേ മതിയാവൂ.
ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളിലും മുര്‍മുവിന് പിന്തുണ നല്‍കുന്നതിനെച്ചൊല്ലി അഭിപ്രായഭിന്നതകള്‍ ഉയരുകയാണ്. ഒഡിഷയിലെ കോണ്‍ഗ്രസ് എംഎല്‍എയായ സുരേഷ് റൗട്രേയാണ് മുര്‍മുവിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് കൂടി പിന്തുണച്ച് രാഷ്ട്രപതിയാക്കണം എന്ന അഭിപ്രായമാണ് സുരേഷ് റൗട്രേ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സോണിയാഗാന്ധിയ്ക്ക് കത്തെഴുതി. ഒഡിഷയില്‍ നിന്നുള്ള ആദിവാസി ഗോത്രവിഭാഗത്തിന്റെ പ്രതിനിധി രാഷ്ട്രപതിയായി മത്സരിയ്ക്കുമ്പോള്‍ പിന്തുണച്ചില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാകും എന്ന സുരേഷ് റൗട്രേ കണക്കുകൂട്ടുന്നു.
” മുര്‍മു എല്ലാം തെളിയിച്ച നേതാവാണ്. എംഎല്‍എ ആയിരുന്നു. ഒഡിഷയില്‍ മന്ത്രിയായിരുന്നു. പിന്നീട് ജാര്‍ഖണ്ഡില്‍ ഗവര്‍ണറായും അവര്‍ കഴിവ് തെളിയിച്ചു. ആദിവാസി ഗോത്ര വിഭാഗത്തിലെ ഒരു ഒഡിയ സ്ത്രിയാണ് അവര്‍. അതുകൊണ്ട് തന്നെ എല്ലാവരുടെയും പിന്തുണയുള്ള രാഷ്ട്രപതിയായി അവര്‍ വരണം”- സുരേഷ് ഔട്രേ പറഞ്ഞു.
ദ്രൗപദി മുര്‍മു വിജയം ഉറപ്പാക്കിക്കഴിഞ്ഞു. ബീഹാറിലെ ജെഡി(യു), ഒഡിഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍സിപി എന്നിവരുടെ പിന്തുണ എത്തിയതോടെ ദ്രൗപദി മുര്‍മുവിന് 50 ശതമാനത്തില്‍ അധികം വോട്ടുമൂല്യം ലഭിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: