മുംബൈ: ഗുജറാത്ത് കലാപക്കേസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ആര്.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പി നാരായണന്. ഇതുതന്നെയാണ് എനിക്കെതിരെയും അയാള്‍ ചെയ്തതെന്ന് നമ്പി നാരായണന് പറഞ്ഞു. കഥകള്‍ കെട്ടിച്ചമയ്ക്കുകയും അവ ആളിക്കത്തിക്കുകയും അയാളുടെ രീതിയാണെന്നും താനും അതിന്റെ ഇരയാണെന്നും നമ്പിനാരായണന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ച് ശ്രീകുമാര്‍ അന്വേഷണം നടത്തിയെങ്കിലും എല്ലാ കുറ്റങ്ങളില്‍ നിന്നും സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2002ലെ കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരപരാധിയായി പ്രഖ്യാപിച്ച ഗുജറാത്ത് കോടതി വിധി സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് ഗുജറാത്ത് ഡിജിപി ആര്.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
ആര്‍ക്കും എന്തും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയുന്ന തരത്തിലാണ് നമ്മുടെ സംവിധാനം. എല്ലാത്തിനും പരിധിയുണ്ട്. മര്യാദയുടെ കാര്യത്തില്‍ അയാള്‍ എല്ലാ പരിധികളും ലംഘിക്കുന്ന ആളാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കണ്ടതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, നമ്പി നാരായണന് കൂട്ടിച്ചേര്‍ത്തു.ഭട്ടും സെതല്‍വാദും ശ്രീകുമാറും ചേര്‍ന്ന് തെറ്റായ തെളിവുകള്‍ സൃഷ്ടിച്ച് നിയമനടപടി ദുരുപയോഗം ചെയ്യാനും നിരപരാധികള്‍ക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും ഗൂഢാലോചന നടത്തിയതായി എഫ്ഐആര്‍ പറയുന്നു. സെതല്‍വാദും മറ്റുള്ളവരും ഗൂഢാലോചന നടത്തി നിരപരാധികളെ പ്രതികളാക്കാന്‍ വ്യാജരേഖകള്‍ തയ്യാറാക്കിയതായും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വ്യാജരേഖ ചമച്ച് കലാപത്തിന് പ്രേരിപ്പിച്ച കേസില്‍ ഗുജറാത്ത് എടിഎസ് കസ്റ്റഡിയിലെടുത്ത ടീസ്റ്റ സെതല്‍വാദിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ദിവസം മുംബെയിലെ വസതിയില്‍ നിന്നാണ് ടീസ്റ്റയെ എടിഎസ് കസ്റ്റഡിയിലെടുത്തത്.
ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഡി.ബി. ബരാദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനിയാഴ്ച ജൂഹുവിലെ വീട്ടില്‍ നിന്ന് സാന്താക്രൂസ് പോലീസ് സ്റ്റേഷനിലേക്ക് അവരെ കൊണ്ടുപോയി. അവിടെ നിന്ന് ഗുജറാത്ത് പോലീസ് സ്ക്വാഡ് റോഡ് മാര്‍ഗം അഹമ്മദാബാദിലെത്തിച്ചു.2002ലെ ഗോധ്ര കലാപക്കേസുകളില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും മറ്റുള്ളവരെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റവിമുക്തരായ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സെതല്‍വാദിനെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: