ന്യൂദല്‍ഹി: 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നോട്ടീസയച്ച ഡപ്യൂട്ടി സ്പീക്കറുടെ നടപടിയ്‌ക്കെതിരെ ഏക്നാഥ് ഷിന്‍ഡെ സുപ്രീംകോടതിയെ സമീപിച്ചു. കോടതി തിങ്കളാഴ്ച ഈ കേസില്‍ വാദം കേള്‍ക്കും.
ഇത്തരമൊരു നോട്ടീസയക്കാന്‍ ഡപ്യൂട്ടി സ്പീക്കര്‍ക്ക് അവകാശമില്ലെന്നും ശിവസേനയുടെ ചീഫ് വിപ്പിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള തങ്ങള്‍ മാറ്റിയിട്ടുണ്ടെന്നുമാണ് ഏക് നാഥ് ഷിന്‍ഡേയുടെ വാദം. അതുകൊണ്ട് എംഎല്‍എമാരെ അയോഗ്യരാക്കുന്ന നോട്ടീസ് അയയ്‌ക്കുന്നതിന് അധികാരമില്ലെന്നാണ് വിമതരുടെ വാദം.
ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി. പര്‍ദിവാലയും അംഗങ്ങളായ സുപ്രീംകോടതിയുടെ വെക്കേഷന്‍ ബെഞ്ചാണ് തിങ്കളാഴ്ച ഈ കേസില്‍ വാദം കേള്‍ക്കുക. വിമതരായ 16 എംഎല്‍എമാര്‍ക്ക് മഹാരാഷ്‌ട്ര നിയമസഭാ സെക്രട്ടേറിയറ്റ് സമന്‍സ് ശനിയാഴ്ച അയച്ചിരുന്നു. അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയ്‌ക്ക് ജൂണ്‍ 27ന് മുന്‍പ് മറുപടി നല്‍കാനാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരുന്നത്. ശിവസേനയുടെ ചീഫ് വിപ്പായ സുനില്‍ പ്രഭുവാണ് മഹാരാഷ്‌ട്ര വിധാന്‍ ഭവനിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പുവെച്ച ഈ സമന്‍സയച്ചത്. 16 വിമത എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറായ നര്‍ഹരി സിര്‍വാളിന് സുനില്‍ പ്രഭു കത്ത് സമര്‍പ്പിച്ചിരുന്നു. ജൂണ്‍ 27 5.30നുള്ളില്‍ സമന്‍സിന് രേഖാമൂലമുള്ള മറുപടി വിമത എംഎല്‍എമാര്‍ നല്‍കിയില്ലെങ്കില്‍ അയോഗ്യരാക്കും എന്നാണ് കത്തില്‍ പറയുന്നത്.
എന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഷിന്‍ഡെ പക്ഷം വാദിക്കുന്നത് ഇപ്പോള്‍ സുനില്‍പ്രഭു ചീഫ് വിപ്പല്ലെന്നാണ്. പകരം അവര്‍ ഭരത് ഗോഗവാലെയെ ചീഫ് വിപ്പായി തെരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ മന്ത്രിമാരായ ഉദയ് സാമന്ത്, ഗുലാബ് റാവു പാട്ടീല്‍, ദാദ ഭുസെ, സന്ദീപന്‍ ബുംറെ, സഹമന്ത്രിമാരായ ശംഭുരാജെ ദേശായി, അബ്ദുല്‍ സത്താര്‍ എന്നിവര്‍ ഏക് നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം വിമത ക്യാമ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക