ബര്‍ലിന്‍: ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജര്‍മ്മനി ഒരുക്കിയത് വന്‍ സ്വീകരണം. മ്യൂണിച്ചില്‍ വിമാനത്തില്‍ നിന്ന് മോദി ഇറങ്ങിയ ഉടനെ സംഗീതത്തിന്റെ അകമ്പടിയോടെ വരവേല്‍ക്കുകയായിരുന്നു. ബവേറിയന്‍ ബാന്‍ഡിന്റെ സംഗീതം അദ്ദേഹം താളം പിടിച്ച് ആസ്വദിക്കുകയും ചെയ്തു.
മോദിയെ സ്വീകരിക്കാന്‍ ജര്‍മ്മനിയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിന് പുറത്തെത്തിയ അദ്ദേഹത്തിനെ ഇന്ത്യന്‍ സമൂഹം ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. ത്രിവര്‍ണ പതാകകള്‍ കൈകളിലേന്തി കൊച്ചുകുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി കാത്തിരുന്നത്. അവിടെയുള്ള കുട്ടികളോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം താമസ സ്ഥലത്തേയ്ക്ക് തിരിച്ചത്.
പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ അദ്ദേഹം സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച്ച വരെ ജര്‍മ്മനിയില്‍ തുടരുന്ന അദ്ദേഹം യൂറോപ്പിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്ത് സംസാരിക്കും.
തുടര്‍ന്ന് ജൂണ്‍ 28 ന് യുഎഇയിലെത്തും. യുഎഇ മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: