കോഴിക്കോട്: മുസ്ലിം യുവാക്കളെ പരമാവധി സൈന്യത്തിലെത്തിക്കാന്‍ കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്റെ സര്‍ക്കുലര്‍. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലേക്കും ഓണ്‍ലൈന്‍ വഴി അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂലൈ അഞ്ച് ആണെന്നും അതിന് മുമ്പായി പത്താം ക്ലാസ് മുതല്‍ മുകളിലോട്ട് പരീക്ഷായോഗ്യതയുള്ള 17നും 23നും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍ എത്രയും വേഗം അപേക്ഷ അയയ്ക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. തൊട്ടടുത്ത വരിയില്‍ സൈന്യത്തില്‍ നമ്മുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇതാവശ്യമാണ് എന്നും പറയുന്നുണ്ട്.
ഇമാമുമാര്‍ ജുമുഅ പ്രസംഗത്തില്‍ ഇക്കാര്യം അറിയിക്കണമെന്ന ആഹ്വാനവും കത്തിലുണ്ട്. ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദുമാണ് സര്‍ക്കുലറിന് താഴെ ഒപ്പിട്ടിരിക്കുന്നത്.
‘കേന്ദ്ര ഗവണ്മെന്റിന്റെ അട്ടിമറി പരിപാടി അനുസരിച്ച്’ സൈന്യത്തിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാനാണ് സര്‍ക്കുലറിന്റെ തുടക്കത്തില്‍ തന്നെ പറയുന്നത്. കേന്ദ്രത്തിന്റെ അട്ടിമറിയാണെങ്കിലും മുസ്ലിം സമുദായം ഇതില്‍ നിന്ന് മാറിനില്‍ക്കരുതെന്ന ആഹ്വാനമാണ് സര്‍ക്കുലര്‍ നല്‍കുന്നത്. സര്‍ക്കുലര്‍ സംബന്ധിച്ച് കൂടുതലറിയാന്‍ ഫെഡറേഷന് പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയെ ബന്ധപ്പെട്ടപ്പോള്‍, അങ്ങനെയൊരു സര്‍ക്കുലര്‍ ആവശ്യമായതുകൊണ്ടാണ് ചെയ്തതെന്നും മുസ്ലിം വിഭാഗത്തില്‍ നിന്നു കൂടുതല്‍ ആളുകളെ സൈന്യത്തിലെത്തിക്കുക എന്നതു തന്നെയാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു മറുപടി.
മഹല്ല് ജമാഅത്തുകളുടെ ഏകീകരണവും സമുദായത്തെ ബാധിക്കുന്ന സമകാലിക പ്രശ്നങ്ങളിലുള്ള ഇടപെടലും ലക്ഷ്യമിട്ട് 1981ല്‍ തുടങ്ങിയ സംഘടനയാണ് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: