Categories: Samskriti

വിദ്യാഭ്യാസവും സാമൂഹ്യബോധവും

Published by

മക്കളേ,  

പുരാതനഭാരതത്തിന്റെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ആത്മീയമെന്നും ഭൗതികമെന്നുമുള്ള വേര്‍തിരിവ് ഉണ്ടായിരുന്നില്ല. ഋഷീശ്വരന്മാര്‍ ശാസ്ത്രത്തെയും ആദ്ധ്യാത്മികതയെയും ഒരിക്കലും രണ്ടായികണ്ടിരുന്നില്ല. അവ ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ്. എന്നാല്‍ ഇന്നു നമ്മള്‍ ശാസ്ത്രത്തെയും ആദ്ധ്യാത്മികതയെയും രണ്ടായി വേര്‍പിരിച്ചു. അതാണ് നമ്മള്‍ വിദ്യാര്‍ത്ഥികളോടുചെയ്ത വലിയൊരു തെറ്റ്.  പണ്ടുകാലത്ത് വിദ്യാഭ്യാസം തുടങ്ങുമ്പോഴും പൂര്‍ത്തിയാക്കുമ്പോഴും ആചാര്യന്‍ ശിഷ്യന് ആവര്‍ത്തിച്ചുനല്‍കുന്ന ഒരു ഉപദേശമുണ്ട്; സത്യംവദ, ധര്‍മ്മം ചര. അറിവും സമൂഹസ്‌നേഹവും എള്ളും എണ്ണയുംപോലെ അവിടെ ഒന്നായിരുന്നു.  

വിദ്യകൊണ്ടും സംസ്‌കാരംകൊണ്ടും ഒരു കാലത്ത് ലോകത്തിന്റെ നെറുകയില്‍ ശോഭിച്ചിരുന്ന രാജ്യമാണ് ഭാരതം. പണ്ടുകാലത്ത് ഉപരിപഠനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ നമ്മുടെ നാട്ടിലെത്തിയിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ എവിടെവെച്ചോ നമുക്ക് ആ സ്ഥാനം നഷ്ടപ്പെട്ടു. എങ്കിലും നമ്മള്‍ വിചാരിച്ചാല്‍ ഇനിയും നമുക്ക് മുന്നേറാം. ആദ്ധ്യാത്മികമായും സാംസ്‌കാരികമായും വളരുന്നതോടൊപ്പം ഭൗതികമായും നമ്മള്‍ വളരണം. സ്വഭാവസംസ്‌കരണം, സാമൂഹ്യബോധം, കഴിവുകളുടെ പോഷണം, ആത്മീയവികാസം ഇവയ്‌ക്കെല്ലാം ഉതകുന്ന ഒരു വിദ്യാഭ്യാസമാണ് നമുക്ക് ആവശ്യം.  

വിജ്ഞാനവും വിവേകവും വിനയവും കുട്ടികളില്‍ വളരണം. അവരിലുള്ള അന്വേഷണബുദ്ധിയെ ഉണര്‍ത്തുകയും വേണം. സ്വയം പഠിക്കാനും സ്വയം അന്വേഷിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള പരിശീലനം കുട്ടികള്‍ക്കു ലഭിക്കണം. വിദ്യാലയങ്ങളില്‍ സാങ്കേതികമായ സൗകര്യങ്ങള്‍ വേണം. അതോടൊപ്പം നല്ല അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധവും ഉണ്ടാവണം. എന്നാല്‍ ഭൗതികമായ പുരോഗതി ഉണ്ടായതുകൊണ്ടുമാത്രമായില്ല. വളര്‍ച്ചയും വികസനവും സംസ്‌ക്കാരത്തിനും മൂല്യങ്ങള്‍ക്കും അനുസൃതമാകണം. ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കണം. ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഗവേഷണത്തിന് നമ്മള്‍ ഊന്നല്‍ നല്കുന്നത്. ഇത്രയും ശ്രദ്ധിച്ചാല്‍ കുറച്ചുകാലം കൊണ്ട് നമ്മുടെ രാജ്യത്തിന് ശാസ്ത്രരംഗത്ത് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുവാന്‍ കഴിയും.

ഒരു അപേക്ഷ ഉള്ളത്, എല്ലാ സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തില്‍ രണ്ടുമാസത്തേക്കെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഗ്രാമങ്ങളില്‍ പ്രവൃത്തിപരിചയത്തിനായി അയയ്‌ക്കണം. യുവാക്കള്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെയുള്ള പാവപ്പെട്ടവരുമായി ഇടപഴകാനും, അവരുടെ ദുഃഖങ്ങളും പ്രശ്‌നങ്ങളും നേരില്‍ കണ്ടറിയാനും ഇടവരും. അങ്ങനെ യുവാക്കളുടെ മനസ്സില്‍ കാരുണ്യം ഉണരാനുള്ള അവസരം ലഭിക്കും. പിന്നീട് അനാവശ്യമായ ആഡംബരങ്ങള്‍ക്കായിപണം ചെലവഴിക്കാന്‍ തുനിയുമ്പോള്‍, ഇങ്ങനെയുള്ളവരെക്കുറിച്ച് അവര്‍ക്ക് ഓര്‍മ വരും. ആഡംബരം ഒഴിവാക്കി ലളിതജീവിതം നയിക്കാനും, അങ്ങനെ മിച്ചം വെയ്‌ക്കുന്ന പണം കഷ്ടപ്പെടുന്നവര്‍ക്കായി ചെലവഴിക്കാനുമുള്ള മനസ്സ് അതിലൂടെ ലഭിക്കും. മാത്രമല്ല, തങ്ങള്‍ക്ക് സര്‍വകലാശാലകളില്‍ നിന്നു ലഭിച്ച ശാസ്ര്തസാങ്കേതികജ്ഞാനം ഉപയോഗിച്ച് ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ശ്രമിക്കും. ഗ്രാമീണജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ അതുസഹായിക്കും.  

നമ്മുടെസര്‍വകലാശാലകളില്‍, ഗവേഷണങ്ങള്‍ക്കു കിട്ടുന്ന ഫണ്ടിന്റെ വലിപ്പവും, ഗവേഷണം ചെയ്യുന്നവര്‍ പ്രസിദ്ധീകരിക്കുന്ന പേപ്പറുകളുടെ അല്ലങ്കില്‍ പ്രബന്ധങ്ങളുടെ എണ്ണവും നോക്കിയാണ് പൊതുവെ ഗവേഷണങ്ങളെ വിലയിരുത്താറുള്ളത്. എന്നാല്‍ ഇതോടൊപ്പംതന്നെ, ഗവേഷണം സമൂഹത്തിന് എത്രകണ്ട് ഉപകരിച്ചു, അല്ലങ്കില്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് എത്രകണ്ടു പ്രയോജനപ്പെട്ടു എന്നുകൂടി പരിഗണിക്കണം. അതായിരിക്കണം ഗവേഷണങ്ങളുടെ മേന്മവിലയിരുത്താനുള്ള അളവുകോല്‍. ശാസ്ത്രവും ഗവേഷണവും ദുഃഖിക്കുന്നവരുടെ കഷ്ടപ്പാട് നീക്കാന്‍ സഹായിക്കുന്നതായാല്‍, അത് സ്വര്‍ണത്തിന് പരിമളം വന്നതുപോലെയായിരിയ്‌ക്കും.  

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം യന്ത്രങ്ങളുടെ ഭാഷ മാത്രം മനസ്സിലാകുന്ന ഒരു വിഭാഗം ജനങ്ങളെ സൃഷ്ടിക്കുകയല്ല. ശരിയായ വിദ്യാഭ്യാസംകൊണ്ട് നേടേണ്ടത് സംസ്‌ക്കാരമാണ്. ഹൃദയത്തിന്റെ ഭാഷ അതായത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഷകൂടി നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളണം.  

വിജ്ഞാനം ഒരു നദിപോലെയാണ്. നിരന്തരം ഒഴുകിക്കൊണ്ടിരിക്കുക എന്നതാണ് അതിന്റെ സ്വഭാവം. എവിടെയെല്ലാം ഒഴുകിയെത്താമോ അവിടെയെല്ലാം ഒഴുകിയെത്തി അതു സംസ്‌ക്കാരത്തെ  

പുഷ്ടിപ്പെടുത്തുന്നു. എന്നാല്‍ അതേ വിജ്ഞാനം മൂല്യങ്ങളില്‍ നിന്നുവേര്‍പെട്ടാല്‍ അത് ആസുരമായിത്തീരും, ലോകനാശത്തിനുതന്നെ കാരണമാകും. മൂല്യങ്ങളും വിജ്ഞാനവും ഇണങ്ങിച്ചേരുമ്പോള്‍ അതുതന്നെ മനുഷ്യനന്മയ്‌ക്കുള്ള ഏറ്റവും ശക്തമായ ഉപകരണമായി മാറും. അറിവിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണുകയും കാരുണ്യത്തിന്റെ കൈകളിലൂടെ ദുഃഖിതര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്താല്‍ ശാന്തിയുടെയുംആനന്ദത്തിന്റെയും തീരത്ത് തീര്‍്ച്ചയായും നമുക്കു ചെന്നണയാം.  

ലോകമെങ്ങുമുള്ള വിജ്ഞാനത്തിന്റെ അരുവികളെ ഒന്നിച്ചുചേര്‍ത്ത് നമുക്ക് അതൊരു മഹാനദിയാക്കി മാറ്റാം. മനുഷ്യരാശിക്ക് ജീവജലം പകര്‍ന്ന് അതുസംസ്‌ക്കാരത്തിന്റെ പുഷ്പവാടികളെ സൃഷ്ടിക്കട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: education