ന്യൂദല്‍ഹി: ഗൗതം അദാനിയ്ക്ക് 60 വയസ്സ് തികയുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 60,000 കോടി രൂപ ജീവകാരുണ്യത്തിനും സാമൂഹിക ക്ഷേമത്തിനും നീക്കിവെയ്ക്കാന്‍ അദാനി കുടുംബം തീരുമാനിച്ചു. ഗൗതം അദാനിയും ഭാര്യയും മക്കളും ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
ഈ തുക ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകള്‍ക്ക് വേണ്ടി നീക്കിവെയ്ക്കും. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ ചരിത്രത്തില്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി ഇത്രയും വലിയ തുക നീക്കിവെയ്ക്കുന്നത് അപൂര്‍വ്വമാണെന്ന് ഗൗതം അദാനി പറഞ്ഞു. അച്ഛന് ശാന്തിലാല്‍ അദാനിയുടെ 100 ജന്മവാര്‍ഷികത്തെ ആദരിക്കുന്നതിന്റെ ഭാഗം കൂടിയാണിതെന്നും ഗൗതം അദാനി പറഞ്ഞു.
“യുവതലമുറയുടെ എണ്ണത്തിലെ വര്‍ധന മൂലം ഇന്ത്യയ്ക്കുള്ള നേട്ടം കൊയ്യാന്‍ നൈപൂണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്. ഈ മേഖലയില്‍ ഫണ്ട് മുടക്കുന്നതില്‍ പോരായ്മയുണ്ടായാല് അത് ആത്മനിര്‍ഭര്‍ ഭാരതിന് തടസ്സമാകും. “- അദ്ദേഹം പറഞ്ഞു.
മേല്‍ പറഞ്ഞ മേഖലകളില്‍ സമഗ്ര വികസനം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി അദാനി ഫൗണ്ടേഷന് സമ്പന്നമായ അനുഭവം നേടിയെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.
“അച്ഛന്റെ 100 ജന്മവാര്ഷികത്തിന് പുറമെ, എന്റെ 60ാം പിറന്നാളും കൂടിയായതിനാല്‍ 60,000 കോടി രൂപ ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നീ മേഖലകളിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കാന്‍ എന്റെ കുടുംബമാണ് തീരുമാനിച്ചത്.” – അദാനി പറഞ്ഞു.
2020 ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച് അദാനിയുടെ ആകെ സ്വത്ത് 2520 കോടി ഡോളറാണ്. പ്രീതി അദാനിയാണ് ഗൗതം അദാനിയുടെ ഭാര്യ. ഇവര്‍ ഡെന്റിസ്റ്റാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അദാനി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. രണ്ട് മക്കള്‍- കരണ്‍ അദാനിയും ജീത് അദാനിയും. മൂത്ത മകന് കരണ്‍ അദാനി അദാനി പോര്‍ട്സിന്റെ മേധാവിയാണ്. യുഎസ്എയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: