‘ഉത്തിഷ്ഠത! ജാഗ്രത!
പ്രാപ്യവരാന്‍ നിബോധത !
ശാരികേ ശാരികേ സിന്ധുഗംഗാ നദീതീരം വളര്‍ത്തിയ ഗന്ധര്‍വ ഗായികേ….
പാടുക പാടുക പുരുഷാന്തരത്തിലെ ഭാവോജ്വലങ്ങളാം സൂര്യഗായത്രികള്‍…..’
ഭാരതീയന്റെ സ്വാഭിമാനമുണര്ത്തുന്ന ഈ ദേശഭക്തി ഗാനത്തിന്റെ ആലാപനമാണ് (ശരശയ്യ-1971) എം.ജി.രാധാകൃഷ്ണനെ ഗാനലോകത്ത് ശ്രദ്ധേയനാക്കിയത്. കഠോപനിഷത്തിലെ പ്രഖ്യാത സൂക്തത്തില്‍ തുടങ്ങുന്ന ഈ ഗാനം 1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് ദേശഭക്തിഗാനമായി വ്യാപകമായി പ്രചരിച്ചിരുന്നത് ഓര്‍ക്കുന്നു. കള്ളിച്ചെല്ലമ്മ (1969)യിലെ ‘ഉണ്ണിഗണപതിയെ…’ എന്ന ഗാനത്തിലൂടെ തുടങ്ങി ദേവാസുരത്തിലെ ‘വന്ദേ മുകുന്ദ ഹരേ’വരെ ഏതാനും ഗാനങ്ങള്‍ മാത്രമാണ് രാധാകൃഷ്ണന് ആലപിച്ചിട്ടുള്ളത്.
മലയാള ലളിത ഗാനശാഖയുടെ സുവര്‍ണകാലമായിരുന്നു എം.ജി.രാധാകൃഷ്ണന്റെ ആകാശവാണി ക്കാലം. കേരളത്തിന്റെ ശ്രവണപുടങ്ങളില്‍ ഞാറ്റുവേലക്കുളിരായി പെയ്തിറങ്ങിയ വായ്പാട്ടിന്റെ മലയാള സുഗന്ധമുള്ള സംഗീതികകള്‍ കാവാലം-രാധാകൃഷ്ണന് ടീമിനെ ജനകീയമാക്കി. 1978 ല്‍ അരവിന്ദന് തമ്പ് എന്ന ചിത്രം തുടങ്ങുമ്പോള്‍ ഗാനങ്ങളുടെ നിര്‍വ്വഹണം കാവാലം-രാധാകൃഷ്ണന് ടീം തന്നെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ‘തമ്പി’ല്‍ തുടങ്ങിയ ഈ ടീം സോപാന സംഗീതത്തിന്റെയും നാടോടിത്താളങ്ങളുടെയും ചുവടുപിടിച്ചുള്ള ആകാശവാണി ലളിത ഗാനശൈലി കൈവിടാതെ തന്നെ ‘കണ്ണെഴുതി പൊട്ടും തൊട്ടു'(1999)വരെ നീണ്ടു. മുക്കുറ്റി തിരുതാളി (ആരവം), ഓര്‍മ്മകള്‍(രണ്ടു ജന്മം), കറുകറെ കാര്‍മുകില്‍ (കുമ്മാട്ടി), പ്രേമയമുന (പൂരം). ചെമ്പഴുക്ക(കണ്ണെഴുതി പൊട്ടുതൊട്ട്) തുടങ്ങിയ ഗാനങ്ങള്‍ സിനിമയില്‍ പുതിയൊരു പാട്ടനുഭവമായി.
പൂവച്ചല്‍ ഖാദറിന്റെ രചനകള്‍ രാധാകൃഷ്ണന്റെ കൈത്തഴക്കത്തില്‍ സംഗീതശില്പ്പങ്ങളായപ്പോള് അത് മെലഡികളുടെ പുതുമഴയായി. 1979 ല്‍ എസ്.ജാനകിയെ സംസ്ഥാന പുരസ്ക്കാരത്തിനര്ഹയാക്കിയ മൗനമേ…(തകര), 1980 ലും ജാനകിയെ സംസ്ഥാന അവാര്‍ഡ് ജേതാവാക്കിയ നാഥാ നീ വരും (ചാമരം) തുടങ്ങിയവയാണ് പൂവച്ചല്‍-രാധാക്ഷ്ണന് ടീമിന്റെ ഭാവഗീതങ്ങളില്‍ പ്രമുഖങ്ങള്‍.
ദേവാസുരത്തിലൂടെയാണ് ഗിരീഷ് പുത്തന്‍ഞ്ചേരിയും രാധാകൃഷ്ണനും ഒന്നിക്കുന്നത്. സൂര്യകിരീടം കവിതയുടെ തീക്ഷ്ണത ചോര്‍ന്നുപോകാതെ ലളിത സംഗീതത്തിന്റെ തച്ചുശാസ്ത്രത്തില്‍ തീര്‍ത്ത വേറിട്ട ഗാനമാണ്. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ (അഗ്നിദേവന്), തിര നുരയും (അനന്തഭദ്രം) തുടങ്ങിയ പുത്തന്‍ഞ്ചേരി ക്കവിതകള്‍ രാധാകൃഷ്ണന്റെ സംഗീത കരവിരുതില്‍ തിളങ്ങി.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ (അദ്വൈതം)രാധാകൃഷ്ണന്റെ മാന്ത്രിക വിരലുകള്‍ സംഗീതശില്പമാക്കിയ കൈതപ്രത്തിന്റെ ലക്ഷണമൊത്ത കവിതയാണ്. ഇതേ ചിത്രത്തിലെ മഴവില്‍ കൊതുമ്പിലേറി വന്ന, നീലക്കുയിലേ ചൊല്ലൂ തുടങ്ങിയ ഗാനങ്ങളും ഹിറ്റുകളായി. ബിച്ചു തിരുമല എഴുതിയ മണിച്ചിത്രത്താഴിലെ രാധാകൃഷ്ണഗീതങ്ങള് ചിത്രത്തോളം തന്നെ പ്രചാരം നേടിയവയാണ്.
എത്ര പൂക്കാലം, പൂമുഖ വാതില്ക്കല് (രാക്കുയിലിന്‍ രാഗസദസില്) തുടങ്ങി എസ്.രമേശന് നായരുടെ ഗാനങ്ങളെ കവിത ചോര്‍ന്നുപോകാതെ ശ്രാവ്യശില്പങ്ങളാക്കുവാന് എം.ജി.രാധാക്ഷ്ണന് എന്ന സംഗീത പ്രതിഭയ്ക്കേ കഴിയൂ… സത്യന് അന്തിക്കാടെഴുതിയ ഓ മൃദുലേ, പ്രണയവസന്തം, രജനീ പറയൂ (ഞാന്‍ ഏകനാണ്) ഇന്നും മലയാളികള്‍ മൂളി നടക്കുന്ന രാധാകൃഷ്ണരാഗങ്ങളാണ്.
എം.ജി.രാധാകൃഷ്ണന് അരങ്ങൊഴിഞ്ഞ് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അരനൂറ്റാണ്ട് മുന്‍പ് പാടിയ ‘ഉത്തിഷ്ഠത ജാഗ്രത’ എന്ന ഗാനത്തിലൂടെയാവും അദ്ദേഹം ഗായകന് എന്ന നിലയില്‍ അടയാളപ്പെടുത്തപ്പെടുന്നത്. 2010 ജൂലൈ രണ്ടിന് അന്തരിക്കുന്നതിന് ഏതാനും മാസം മുന്‍പ് പോലും ഒരു ചടങ്ങില്‍ പ്രേക്ഷകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ‘ഉത്തിഷ്ഠത ജാഗ്രത’ പാ ടുവാനാണ്.
.’……….. വീണ്ടും ഉണരട്ടെ ഈ സംക്രമ ഉഷസില്‍ ……. വീണ്ടും കവചം ധരിക്കട്ടെ ഭാരതം……..
വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം…….’
വയലാറിന്റെ ദേശാഭിമാനമുണര്ത്തുന്ന ഈ കാവ്യഭാവനയെ ജനഹൃദയങ്ങളിലെ എക്കാലത്തെയും മികച്ച ഉണര്‍ത്തുപാട്ടാക്കി മാറ്റിയത് എം.ജി.രാധാകൃഷ്ണന്റെ ശബ്ദ ഗാംഭീര്യം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: