കല്‍പ്പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്. നായര്‍. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡിജിഐജി പറഞ്ഞു.
പരിസ്ഥിതിലോല പ്രശ്നത്തില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫും. വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്ത് കെ.ആര് ഉള്‍പ്പടെ 19 എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം 25 ആയി.
എന്നാല്‍ അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗം അല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം നല്കി. അവിഷിത്തിനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി വയനാട് ഡിസിസി ഓഫീസിലെത്തിയ പോലീസുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷമായി പ്രതികരിച്ചു. ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാനായി വയനാട് പോലീസിന് നേരെ ടി. സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്ന പോലീസ് തല്ക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം.
‘പോയി ക്രിമിനലുകള്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്ക്, ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ട’. പോലീസിന്റെ അനാസ്ഥയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടാകാന്‍ കാരണമെന്നും ടി. സിദ്ദിഖ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: