തിരുവനന്തപുരം : വികസനം എത്തേണ്ടത് ഓരോ വ്യക്തിയുടേയും ജീവിതത്തിലേക്കാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. തിരുവനന്തപുരം നഗരത്തിന്റെ ഒരു ഉപകേന്ദ്രമായി മാറേണ്ടതായിരുന്നു ആറ്റിങ്ങല്‍. എന്നാല്‍ ഇന്ന് ഈ പട്ടണത്തിന് പറയാനുള്ളത് വികസന മുരടിപ്പും മറ്റു പരാധീനതകളും ആണ്. നഗരത്തിന്റെ വികസനത്തിന് സമഗ്രമായ കാഴ്ച്ചപ്പാടാണ് വേണ്ടതെന്നും സുധീര്‍ പറഞ്ഞു. ജന്മഭൂമി ആറ്റിങ്ങലില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ്റിങ്ങല്‍ കലാപം എന്ന് പറയപ്പെടുന്ന ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രൗഢമായ ചരിത്രമുള്ള നഗരമാണ് ആറ്റിങ്ങല്‍. ഒന്നാം സ്വാതന്ത്ര്യ സമരത്തിനും പതിറ്റാണ്ടുകള്‍ മുന്‍പ് നടന്ന ഈ പോരാട്ടത്തിന്റെ പാരമ്പര്യം അവകാശികളായ ആറ്റിങ്ങല്‍ക്കാര്‍ക്ക് ഇന്നും വികസനം കയ്യെത്താദൂരത്താണെന്നും സുധീര്‍ പറഞ്ഞു. സാരികള്‍ മറച്ച കൂരയ്ക്കുള്ളില്‍ കഴിയുന്ന ജനങ്ങള്‍ ഇന്നും ഈ പ്രദേശത്തുണ്ട്. അവരുടെ ജീവിതത്തിലേക്കും വികസനം എത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങലിന്റെ വികസന കാഴചപ്പാട് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയ ജന്മഭൂമിക്ക് സുധീര്‍ നന്ദിപറഞ്ഞു. സമൂഹത്തോടൊപ്പം വളരുന്ന ഒരു മാധ്യമം സമൂഹത്തെ വളര്‍ത്താനുള്ള പ്രയത്നത്തിനായി മുന്നോട്ടു വന്നതില്‍ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, തോട്ടയ്ക്കാട ശശി തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: