ഇന്ന് ജൂണ്‍ 25; രാജ്യത്തെ കല്‍ത്തുറുങ്കിലടച്ചതിന്റെ മറ്റൊരു വാര്‍ഷികം. ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 47 വര്‍ഷം. അതിന്റെ ചരിത്രം, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് രാജ്യത്തെ നയിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍, അന്ന് വിവിധ കക്ഷികളും നേതാക്കളും സ്വീകരിച്ച നിലപാടുകള്‍… ഇതൊക്കെയും രാജ്യത്ത് സജീവമായി, സമഗ്രമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇന്നത്തെ യുവതലമുറയ്ക്ക് അതൊക്കെ അന്യമാണ്, അവര്‍ അതൊക്കെ ഹൃദിസ്ഥമാക്കേണ്ടതുണ്ട്. അന്ന് ആ ഏകാധിപത്യ ശാസനത്തിന് തയ്യാറായവര്‍ ഇന്ന് അധികാരത്തിന്റെ അടുത്തെങ്ങുമില്ല; എന്നാല്‍ അവരിപ്പോഴും രാജ്യത്തെ ശിഥിലമാക്കാന്‍, അസ്വാസ്ഥ്യമുണ്ടാക്കാന്‍ കഴിയുന്നതൊക്കെ ചെയ്യുന്നു. അതും ഇന്നത്തെ തലമുറ തിരിച്ചറിയേണ്ടതുണ്ട്. അന്ന് രാജ്യമെമ്പാടും നടന്ന അറസ്റ്റുകള്‍, കരുതല്‍ തടങ്കലുകള്‍, പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന ക്രൂരമായ മര്‍ദന മുറകള്‍. ആര്‍എസ്എസിനെപ്പോലുള്ള ദേശീയ പ്രസ്ഥാനങ്ങളെ നിരോധിച്ചത്. ‘മിസ’ പ്രകാരം അന്ന് രാജ്യത്ത് ജയിലില്‍ അടയ്ക്കപ്പെട്ടത് 34,988 പേരാണ്; ഡിഐആര്‍ പ്രകാരം ജയിലില്‍ കിടന്നവര്‍ 75,818 പേരും. ഷാ കമ്മീഷന്റെ കണ്ടെത്തലാണിത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുണ്ട് അക്കൂട്ടത്തില്‍; സാംസ്കാരികനായകന്മാരുണ്ട്; ആര്‍എസ്എസിന്റെ അടക്കം നേതാക്കളുണ്ട്. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ് എന്ന് ഓര്‍മ്മിപ്പിച്ചതിന്റെ പേരിലാണ് ഇതൊക്കെ. അതിനപ്പുറം എന്തെങ്കിലും അവരൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.
തുടക്കം ജൂണ്‍ 12 ന്
അടിയന്തരാവസ്ഥ ഔപചാരികമായി പ്രഖ്യാപിച്ചത് ജൂണ്‍ 25നാണെങ്കിലും അതിനുള്ള പുറപ്പാടുകള്‍ ആ മാസം 12ന് തന്നെ പ്രകടമായിരുന്നു. ജൂണ്‍ 12ന് ഇന്ത്യയുടെ ചരിത്രത്തില്‍ അത്രമാത്രം പ്രാധാന്യവുമുണ്ട്. അന്നാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുന്നത്. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് അവിടെ തൂത്തെറിയപ്പെട്ടു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ജനസംഘവും സംഘടനാ കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും എബിവിപിയുമൊക്കെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ഗുജറാത്ത് ആയിരുന്നല്ലോ; മറ്റൊന്ന് ബീഹാറും. ആ രണ്ട് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നടത്തിയ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ആ സമരങ്ങള്‍. ‘സമ്പൂര്‍ണ്ണ വിപ്ലവ’മെന്ന മുദ്രാവാക്യവും അന്ന് ഉയര്‍ന്നിരുന്നു. ആ സമരം, അല്ല ജനകീയ പ്രക്ഷോഭം, തന്നെയാണ് ഗുജറാത്തില്‍ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിക്കാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കീഴ്മേല്‍ മറിച്ചത്. ഇന്ദിരാഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു, ആ സംഭവം.
മറ്റൊന്നുകൂടി അന്ന് സംഭവിച്ചു; ആദ്യത്തേത് കോണ്‍ഗ്രസിനേറ്റ തിരിച്ചടിയായിരുന്നെങ്കില്‍ രണ്ടാമത്തേത് ഇന്ദിരയ്ക്കേറ്റ മുഖത്തടിയായി. റായ്ബറേലി മണ്ഡലത്തില്‍ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത് അന്നാണ്. എതിര് സ്ഥാനാര്‍ത്ഥി രാജ് നാരായണന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ജഗ്മോഹന് ലാല്‍ സിന്‍ഹയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് റദ്ദാക്കി എന്നതിനപ്പുറം, ഇന്ദിരയെ ഏറെ വിഷമിപ്പിച്ചത്, ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി എന്നതാവണം. അധികാരമില്ലെങ്കില്‍ ജീവിച്ചിട്ട് കാര്യമില്ലെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസുകാരുടെ മനോഗതി!. അതോടെ ഇന്ദിരയ്ക്ക് എന്താണ് വേണ്ടതെന്നറിയാത്ത സ്ഥിതിയായി.
ഇതിനൊക്കെ മുന്‍പേ തന്നെ ഏകാധിപത്യ ശൈലി ഇന്ദിര പ്രകടിപ്പിച്ചുതുടങ്ങി. കേശവാനന്ദ ഭാരതി കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യത്തിനെതിരെ വിധികുറിച്ച ജഡ്ജിമാരെ മറികടന്നുകൊണ്ട് ജൂനിയറായ ഒരാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കിയ കാര്യം അതിനൊരു ഉദാഹരണം. 1973ലാണ് ജസ്റ്റിസ് എ.എന്‍. റേ ചീഫ് ജസ്റ്റിസാവുന്നത്. ജസ്റ്റിസുമാരായ ജെ.എം. ഷേലാട്ട്, കെ.എസ് ഹെഗ്ഡെ, എ.എന്‍. ഗ്രോവര്‍ എന്നീ സീനിയര്‍ ജഡ്ജിമാരെ മറികടന്നായിരുന്നു ആ നിയമനം.
അവരൊക്കെ സുപ്രീം കോടതി ജഡ്ജിപദം രാജിവച്ചുകൊണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രിയും ഇന്ദിരയുടെ വിശ്വസ്തനും ഉപദേഷ്ടാവുമൊക്കെ ആയിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേ യുടെ അടുത്ത ബന്ധുവായിരുന്നു ജസ്റ്റിസ് റേ.
പിഎംഒ ഡയറി
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യങ്ങള്‍ വളരെ അടുത്തുനിന്ന് കണ്ടറിഞ്ഞ ഒരാളുണ്ടായിരുന്നു; അക്കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ബി.എന്‍. ഠണ്ഡന്. സത്യസന്ധനായ, കഴിവുറ്റ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സര്‍വീസില്‍ നിന്ന് വിരമിച്ച ഠണ്ഡന് എഴുതിയ ‘പിഎംഒ ഡയറി’ എന്ന പുസ്തകത്തില്‍ അതൊക്കെ ഭംഗിയായി വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ലഭ്യമാണെങ്കില്‍ ഇന്നത്തെ തലമുറ അതൊക്കെ വായിക്കേണ്ടതാണ്.
അദ്ദേഹം ഓര്‍മ്മിക്കുന്നു, അന്ന്, (ജൂണ്‍ 25 ന്) പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന ശാരദാ പ്രസാദ് വിളിക്കുന്നു; ‘അറിഞ്ഞില്ലേ, എല്ലാം കഴിഞ്ഞല്ലോ…’; എന്നിട്ട് ഉടനെ ഓഫീസിലേക്കെത്താനും നിര്‍ദേശം. അവര്‍ രണ്ടുപേരും ഇന്ദിരാഗാന്ധിയുടെ ഓഫീസിലെത്തുമ്പോള്‍ പ്രധാനമന്ത്രിയുണ്ട്; പിന്നെ സിദ്ധാര്‍ഥ ശങ്കര്‍ റേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ബറുവ… ഇന്ദിര അവരോട് പറഞ്ഞു, ‘രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു; രാഷ്ട്രപതിയോട് സംസാരിച്ചു. ഉത്തരവില്‍ അദ്ദേഹം ഒപ്പുവയ്ക്കും. മന്ത്രിസഭയില്‍ നാളെ ഞാന്‍ പറഞ്ഞോളാം. രാഷ്ട്രത്തെ ഇന്നുതന്നെ അഭിസംബോധന ചെയ്യണം; അതിനായി ഒരു പ്രസ്താവന ഉടനെ തയ്യാറാക്കണം…’. ഇതിനിടയില്‍ രാഷ്ട്രപതിയെ കാണാന്‍ പോലും പ്രധാനമന്ത്രി പോയിട്ടില്ല. ആ ദൗത്യവുമായി പോയത് സിദ്ധാര്‍ഥ ശങ്കര്‍ റേ. കൂടെയുണ്ടായിരുന്നത് അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഓം മേത്ത. രാഷ്ട്രപതി അവസാനം ആ ഏകാധിപത്യ ഭരണത്തിന് കയ്യൊപ്പ് ചാര്‍ത്തിക്കൊടുത്തു. ഫക്രുദ്ദീന്‍ അലി അഹമ്മദ് ആയിരുന്നു അന്ന് രാഷ്ട്രപതി ഭവന്റെ കാവലാള്‍. അന്നൊരു കാര്‍ട്ടൂണ്‍ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിരുന്നു, കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ. ബാത്റൂമില്‍ ഇരുന്നു കുളിക്കുന്ന രാഷ്ട്രപതി; ഒപ്പുവാങ്ങാനായി എത്തിയവര്‍ക്ക് എല്ലാം ഒപ്പിട്ടുകൊടുത്തിട്ടു പറഞ്ഞൂ, ‘ഇനിയുമെന്തെങ്കിലും ഓര്‍ഡിനന്‍സ് ഉണ്ടെങ്കില്‍ അവരോട് കുറച്ചു കാത്തിരിക്കാന്‍ പറയൂ!’ അത്രത്തോളം പ്രധാനപ്പെട്ട ഒരു ഓര്‍ഡിനന്‍സ് പോലും വായിച്ചുനോക്കാതെ ഒപ്പിട്ടുകൊടുത്ത രാഷ്ട്രപതി എന്നതാണ് അബു അതിലൂടെ തുറന്നുപറഞ്ഞത്. അടിയന്തരാവസ്ഥ മാത്രമായിരുന്നില്ല, പിന്നാലെ ഭരണഘടന ഒരു ഇന്ത്യക്കാരന് പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ ഒക്കെയും എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവും രാഷ്ട്രപതി ഭവനില്‍ നിന്നിറങ്ങി. അനുഛേദം 14, 21, 22 പ്രകാരമുള്ള അവകാശങ്ങള്‍ക്കായി എത്തുന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ ജുഡീഷ്യറിക്ക് അനുമതി നിഷേധിച്ചു. ജനാധിപത്യത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും
മാത്രമല്ല, കോടതികളും കൂച്ചുവിലങ്ങിലായി. അന്നതില്‍ പ്രതിഷേധിച്ച് രാജിവെച്ചു പുറത്തുപോരാന് ഒരു ന്യായാധിപനുമുണ്ടായില്ല എന്നതും സ്മരിക്കേണ്ടതുണ്ട്. രാഷ്ട്രപതി ഏത് നിലവാരത്തിലേക്കെത്തി എന്നതും ഇന്ത്യന്‍ ജനാധിപത്യം ഏതു വിധത്തിലായി എന്നുമാണ് അബു ആ കാര്‍ട്ടൂണിലൂടെ കാട്ടിത്തന്നത്.
അന്ന് ബ്രഹ്മാനന്ദ റെഡ്ഢിയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. അദ്ദേഹം യാതൊന്നും അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിനെന്നല്ല ഒരു മന്ത്രിക്കും ഒന്നും അറിയില്ലായിരുന്നു, മുതിര്‍ന്ന നേതാവായ ജഗ്ജീവന് റാം അടക്കമുള്ളവര്‍ക്ക്. ആരും ഒന്നും ഉരിയാടിയില്ല; അടിയന്തരാവസ്ഥ പ്രഖ്യാപന തീരുമാനം മുന്‍ തീയതി വച്ച് അംഗീകരിക്കാന്‍ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സ്വരണ്‍ സിങ് എന്തൊക്കെയോ പുലമ്പിയത്രേ. ‘മിണ്ടിപ്പോകരുത്’ എന്ന് ശാസനയും ഉണ്ടായിട്ടുണ്ടാവണം. അതിലൊതുങ്ങി എല്ലാം.
ഇന്ന് ഓര്‍ക്കേണ്ടത്
അന്ന് ഇതിനൊക്കെ തയ്യാറായവര്‍ അടുത്തകാലത്തായി ചെയ്തുകൂട്ടുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പാര്‍ലമെന്റ് ബഹുഭൂരിപക്ഷത്തോടെ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്നു. അതിന് ഏത് ദേശവിരുദ്ധ കൂട്ടരുമായും സന്ധിചെയ്യാന്‍ അവര്‍ തയ്യാറായി. പൗരത്വ ബില്‍, കാര്‍ഷിക നിയമം, ഇപ്പോള്‍ ഒടുവില്‍ സൈന്യത്തിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ്. ഇതിനൊക്കെ എതിരെ ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ എന്താണ് പഠിപ്പിക്കുന്നത്. തെരഞ്ഞെടുപ്പായ തെരഞ്ഞെടുപ്പിലൊക്കെ തോറ്റവര്‍ വലിയ ആഭ്യന്തര കലാപമുണ്ടാക്കി ജനങ്ങള്‍ തെരഞ്ഞെടുത്തവരെ തകര്‍ക്കാന്‍ ശ്രമിച്ചാലോ. ആ കലാപങ്ങള്‍ക്ക് വിദേശ ശക്തികളുടെ അടക്കം സഹായം തേടിയാലോ? 1975 ല്‍ അധികാരം നഷ്ടപ്പെടുമെന്നായപ്പോഴാണ് ഇന്ദിരാഗാന്ധിയും കൂട്ടരും രാജ്യത്തെ കുഴപ്പത്തിലാഴ്ത്തിയത്. ഇവിടെ അവരുടെ പിന്മുറക്കാര് ഇനി അധികാരത്തിലേറാന്‍ സാധ്യതയേയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടുന്നത്; അതുമാത്രമേയുള്ളൂ വ്യത്യാസം. അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ ഇ ഡി സമന്‍സ് അയക്കുമ്പോള്‍ കലാപമുണ്ടാകുന്നവരെയും നാം കണ്ടു. ഇവിടെ ഇന്ന് നിയമാനുസൃതം അന്വേഷിച്ചാണ് കേസെടുക്കുന്നത്. ഇന്ദിരയുടെ കാലത്ത് ചോദ്യവും ഉത്തരവുമൊന്നുമില്ലായിരുന്നു. അത് കോണ്‍ഗ്രസുകാര്‍ മറക്കരുത്.
ഇനി ഇടതുപക്ഷത്തിന്റെ റോള്‍ കൂടി ഓര്‍ക്കാതെ പോകാനാവില്ലല്ലോ; അടിയന്തരാവസ്ഥക്കാലത്ത് ഇടതുപക്ഷക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. വലത് കമ്മ്യൂണിസ്റ്റുകാര്‍ അന്ന് പരസ്യമായി ഇന്ദിരയ്ക്കൊപ്പമായിരുന്നു, അവരെ പാടിപ്പുകഴ്ത്തി നടക്കുകയായിരുന്നു. സിപിഎമ്മുകാര്‍ അന്ന് പ്രതിഷേധവും സമരവുമൊക്കെ ഉപേക്ഷിച്ച് മാളത്തില്‍ കയറി ഒളിച്ചു. യഥാര്‍ത്ഥത്തില്‍ സിപിഎം അന്ന് കോണ്‍ഗ്രസിനെ സഹായിക്കുകയായിരുന്നു. ജന്മഭൂമി, രാഷ്ട്രവാര്‍ത്ത, ഓര്‍ഗനൈസര്‍, കേസരി, മദര്‍ലാന്‍ഡ്, പാഞ്ചജന്യ തുടങ്ങിയ ദേശീയവീക്ഷണമുള്ള മാധ്യമങ്ങള്‍ ഒക്കെയും അടച്ചുപൂട്ടപ്പെട്ടപ്പോള്‍, അവയുടെ പത്രാധിപന്മാരും മാനേജ്മെന്റിലെ മുതിര്‍ന്നവരുമൊക്കെ ജയിലില്‍ അടയ്ക്കപ്പെട്ടു. എന്നാല്‍ ‘ദേശാഭിമാനി’ ഒരു പ്രശ്നവും കൂടാതെ പ്രവര്‍ത്തിച്ചു. സെന്‍സര്‍്ഷിപ്പിന്റെ കാലത്ത് സര്‍ക്കാര്‍ പറയുന്നതിനൊപ്പം നടക്കാന്‍ അവര്‍ക്ക് ഒരു പ്രയാസവുമുണ്ടായില്ല. ഇന്നവര്‍ പരസ്യമായിത്തന്നെ എവിടെയും കോണ്‍ഗ്രസിനൊപ്പമാണല്ലോ. ഇതും ഈ വേളയില്‍ ചരിത്ര പാഠമെന്ന നിലക്ക് ഓര്‍മ്മിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: