മഹാരാഷ്ട്രയില്‍ രണ്ടരവര്‍ഷത്തിലേറെക്കാലം അധികാരത്തിലിരുന്ന മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സര്‍ക്കാര്‍ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയായ ശിവസേനയില്‍ നിന്നുള്ള എംഎല്‍എമാര്‍ ഭൂരിപക്ഷവും മന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് ഇതിനിടയാക്കിയത്. ഗുജറാത്തിലെ സൂറത്തിലേക്കും പിന്നീട് അസമിലെ ഗുവാഹത്തിയിലേക്കും നീങ്ങിയ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ഉദ്ധവ് താക്കറെയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നു മാത്രമല്ല, കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് കൂറു പ്രഖ്യാപിക്കുകയായിരുന്നു. ഭരണസഖ്യത്തിലെ പ്രമുഖ കക്ഷികളായ എന്‍സിപിയുടെയും കോണ്‍ഗ്രസ്സിന്റെയും സഹായത്തോടെ ഉദ്ധവ് പല തന്ത്രങ്ങളും പയറ്റിയെങ്കിലും അതിലൊന്നും വിമതര്‍ വീണില്ല. താന്‍ രാജിവയ്ക്കാന്‍ ഒരുക്കമാണെന്നും ശിവസേനയില്‍ നിന്ന് ആര് മുഖ്യമന്ത്രിയായാലും അംഗീകരിക്കുമെന്നും ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചെങ്കിലും അതൊക്കെ വൈകാരിക ബ്ലാക്മെയിലിങ് ആണെന്ന് ഉടന്‍ തന്നെ തെളിഞ്ഞു. സര്‍ക്കാരിലെ പ്രതിസന്ധിക്കു കാരണം ശിവസേനയിലെ ആഭ്യന്തര പ്രശ്നമാണെന്നും അത് ആ പാര്‍ട്ടി പരിഹരിച്ചുകൊള്ളട്ടെയെന്നും നിലപാടെടുത്ത എന്‍സിപിയുടെയും കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണെന്ന വിവരമറിഞ്ഞ് ദല്‍ഹിയില്‍നിന്ന് കുതിച്ചെത്തിയ ‘മറാത്ത കരുത്തന്’ ശരത് പവാറിനും നിസ്സഹായനായി നോക്കി നില്ക്കേണ്ടിവന്നു.
രാജ്യസഭയിലേക്കും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റു നേടാന്‍ കഴിഞ്ഞതോടെ സ്ഥിതിഗതികള്‍ ഭദ്രമല്ലെന്ന് മഹാവികാസ് അഘാഡിക്ക് സൂചന ലഭിക്കുകയുണ്ടായി. ഭരണപക്ഷത്തെ എംഎല്‍എമാരും ബിജെപിക്ക് വോട്ടു ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ശിവസേനാ നേതൃത്വം മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ പാര്‍ട്ടിയുടെ വിമത എംഎല്‍എമാര്‍ കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ശിവസേന നേതാക്കളിലും പാര്‍ട്ടി എംഎല്‍എമാരിലും വളരെക്കാലമായി നീറിപ്പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതയാണ് പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ഉദ്ധവ് താക്കറെയായിരുന്നെങ്കിലും ഭരണനേട്ടങ്ങളെല്ലാം കൊണ്ടുപോയിരുന്നത് എന്‍സിപിയും കോണ്‍ഗ്രസ്സുമാണ്. ശിവസേനയുടെ മന്ത്രിമാര്‍ നിര്‍ദേശിച്ചിരുന്ന പദ്ധതികള്‍ക്കൊന്നും സര്‍ക്കാരിന്റെ അനുമതിയുണ്ടായില്ല. സ്വന്തം മന്ത്രിമാര്‍ വിളിച്ചാല്‍ പോലും ഉദ്ധവ് ഫോണെടുക്കുമായിരുന്നില്ല. പല മണ്ഡലങ്ങളിലും എന്‍സിപി പറയുന്ന കാര്യങ്ങളാണ് നടന്നിരുന്നത്. ഇങ്ങനെ പോയാല്‍ തങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതപോലുമില്ലെന്ന് പല ശിവസേന എംഎല്‍എമാരും തിരിച്ചറിഞ്ഞു. ഉദ്ധവിനെ മുഖ്യമന്ത്രിക്കസേരയിലിരുത്തി അധികാരം ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യുകയാണ് എന്‍സിപിയും കോണ്‍ഗ്രസ്സും ചെയ്തത്. വന്‍ അഴിമതികള്‍ അരങ്ങേറി. അതിന്റെ ഒരു പങ്ക് താക്കറെ കുടുംബത്തിനും ലഭിച്ചു. അഴിമതിക്കേസുകളില്‍ പ്രതികളായ രണ്ട് മന്ത്രിമാര്‍-അനില്‍ ദേശ്മുഖും നവാബ് മാലിക്കും-ജയിലിലായി. ഇവരെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോലും കോടതി അനുവദിച്ചില്ല.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയെ അട്ടിമറിച്ചും അവഹേളിച്ചുമാണ് മഹാവികാസ് അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ശിവസേന മത്സരിച്ചത്. ഏറ്റവും വലിയ കക്ഷിയായത് ബിജെപിയാണ്. ബിജെപി-ശിവസേന സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും രണ്ട് പതിറ്റാണ്ടുകാലത്തെ സഖ്യം ഉപേക്ഷിച്ച് എന്‍സിപിയും കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുകയാണ് ശിവസേന ചെയ്തത്. സഖ്യം തകര്‍ക്കുന്നതിനുവേണ്ടിയാണ് മുന്നണി മര്യാദകള്‍ മാനിക്കാതെ മുഖ്യമന്ത്രി പദം തങ്ങള്‍ക്കു വേണമെന്ന വാദം ശിവസേന ഉയര്‍ത്തിയത്. ബിജെപിയുടെ മുന്നേറ്റം ചെറുത്ത് രാഷ്ട്രീയമായ നിലനില്‍പ്പിനുവേണ്ടി ശിവസേനയുമായി കോണ്‍ഗ്രസ്സും എന്‍സിപിയും കൈകോര്‍ത്തു. അതുവരെ ഹിന്ദുത്വം പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടിയാണ് ശിവസേന. കോണ്‍ഗ്രസ്സും എന്‍സിപിയും ഇതിന്റെ കടുത്ത വിമര്ശകരുമായിരുന്നു. പക്ഷേ അധികാരം പിടിക്കുന്നതിനുവേണ്ടി മൂന്നു കക്ഷികളും അവസരവാദപരമായ ഒത്തുതീര്‍പ്പിലെത്തി. അധികാരം ലഭിച്ചതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വലംകയ്യായ പാര്‍ട്ടി എംപി സഞ്ജയ് റാവത്തും അഹങ്കാര ഗോപുരങ്ങളായി മാറുന്നതാണ് കണ്ടത്. ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും കേന്ദ്ര സര്‍ക്കാരിനെയുമൊക്കെ ഉദ്ധവും റാവത്തും അന്തസ്സില്ലാതെ വിമര്‍ശിച്ചുകൊണ്ടിരുന്നു. കപട മതേതരത്വം നയമായി സ്വീകരിച്ചു. ശിവസേനയുടെ അണികളിലും പാര്‍ട്ടി നേതാക്കളിലും എംഎല്‍എമാരിലും ഇതുണ്ടാക്കിയ അമര്‍ഷം വളരെ വലുതായിരുന്നു. ഇതിന്റെ സ്വാഭാവിക പരിണാമമാണ് വിമത എംഎല്‍എമാരുടെ കലാപം. അധികാരം ഉപേക്ഷിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഉദ്ധവ് താക്കറെക്കു മുന്നില്‍ അവശേഷിക്കുന്നില്ല. ജനാധിപത്യ മര്യാദ അല്‍പ്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: