വാരാണസി: ‘യാത്രികാണാം ധ്യാനാര്‍ത്ഥം….’ കാശി വിശ്വനാഥനെ കാണാന്‍ വാരാണസിയില്‍ വിമാനമിറങ്ങുന്നവരെ വരവേല്‍ക്കാന്‍ ഇനി ദേവഭാഷയും. സംസ്കൃതത്തില്‍ അനൗണ്‍സ്മെന്റ് നടത്തുന്ന ആദ്യവിമാനത്താവളമാവുകയാണ് വാരാണസിയിലെ ലാല്‍ബഹദൂര്‍ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം.
ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ സംസ്കൃതം കൂടി ഉപയോഗിക്കാനാണ് വിമാനത്താവള അധികൃതരുടെ തീരുമാനം. ഇന്ന് മുതല്‍ ഇത് നടപ്പാക്കും. ബനാറസ് ഹിന്ദു സര്‍വകലാശാലയുമായി ചേര്‍ന്നാണ് വിമാനത്താവള അതോറിറ്റി സംസ്കൃതത്തില്‍ അറിയിപ്പുകള് അനൗണ്‍സ് ചെയ്യാനുള്ള പദ്ധതി ആരംഭിക്കുന്നത്. സംസ്കൃതത്തെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്. ഇപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അടക്കമുള്ളവ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ സംസ്കൃതത്തിലും അനൗണ്‍സ് ചെയ്യുന്നുവെന്ന് വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
വിമാനത്താവള സമുച്ചയത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് സംസ്കൃതത്തിന്റെ സംസ്കാരവും അനുഭവവും പകരാനാണ് പദ്ധതിയെന്നും ട്വിറ്ററില്‍ പറയുന്നു. സംസ്കൃതഭാഷയോടുള്ള ആദരവ് പ്രകടമാക്കുകയും അത് ജനങ്ങളുടെ സംസാരഭാഷയെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാണ് ഇത്തരത്തില്‍ മുന്‍കൈയെടുക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്യമാ സന്യാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: