കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പാക് അതിര്‍ത്തിയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ പകച്ച് താലിബാന് ഭരണകൂടം. ഡോക്ടര്‍മാരുടെയും നഴ്സുമകരുടെയും കുറവാണ് അഫ്ഗാനെ വലച്ചിരിക്കുന്നത്. താലിബാന് ഭരണം പിടിച്ചതോടെ പല ആശുപത്രികളും അടച്ചു പൂട്ടുകയും ആക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍കൊണ്ട് തിരിച്ച് പോയി. തുടര്‍ന്ന് ആശുപത്രി അടക്കമുള്ളവയുടെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ താലിബാന് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വന്‍ ഭൂകമ്പം ഉണ്ടായത്. മരണവും പരുക്കേറ്റവരുടെയും എണ്ണം ഉയര്‍ന്നതോടെ ചികിത്സാ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. ഇതോടെ അന്താരാഷ്ട സമൂഹത്തിന്റെ സഹായം അഗ്ഫാന് തേടിയിട്ടുണ്ട്.
താലിബാന് അധിനിവേശത്തിനു ശേഷം വിദേശ ഏജന്‍സികള്‍ അഫ്ഗാനില്‍ നിന്നു പോയതും അമേരിക്കന്‍ സേനയുടെ പിന്മാറ്റവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താലിബാന് മറ്റു രാജ്യങ്ങളോടു സഹായമഭ്യര്‍ഥിച്ചതായി താലിബാന് ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരീമി ട്വിറ്ററില്‍ കുറിച്ചു. ഇനിയൊരു ദുരന്തമൊഴിവാക്കാന്‍ എത്രയും പെട്ടെന്ന് അഫ്ഗാനിലേക്കു രക്ഷകരെ അയയ്ക്കണമെന്നാണ് അഭ്യര്‍ഥന.
ഭൂകമ്പത്തില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റു. അനേകം വീടുകള്‍ തകര്‍ന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഫ്ഗാന് ഭരണകൂടം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഇരുപതു വര്‍ഷത്തിനുശേഷം ആദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂകമ്പം അഫ്ഗാനിലുണ്ടാകുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് കിഴക്കന്‍ പ്രവിശ്യകളായ ഖോസ്റ്റ്, പക്ടിക എന്നിവിടങ്ങളില്‍ ഭൂകമ്പമുണ്ടായത്. പക്ടികയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. നാലു ജില്ലകളെ ഭൂകമ്പം മാരകമായി ബാധിച്ചു. ഏകദേശം 500 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായതായി യൂറോപ്പിലെ സീസ്മോളജിക്കല്‍ ഏജന്‍സി (ഇഎംഎസ്സി) റിപ്പോര്‍ട്ട് ചെയ്തു. പക്ടികയുടെ സമീപ പ്രവിശ്യ ഖോസ്റ്റില്‍ മാത്രം 25 പേര് മരിക്കുകയും 95ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പാകിസ്ഥാന് അതിര്‍ത്തി മേഖലയിലെ ഗ്രാമങ്ങളിലും നാശ നഷ്ടങ്ങളുണ്ട്. വീടുകള്‍ക്കും മറ്റും കേടുപാടുകളുണ്ടായി. പക്ടികയില്‍ തൊണ്ണൂറിലധികം വീടുകള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും സാഹചര്യം വിലയിരുത്താനുമായി പ്രധാനമന്ത്രി മൊഹമ്മദ് ഹസ്സന് അഖുണ്ഡ് അടിയന്തര യോഗം ചേര്‍ന്നു. അഫ്ഗാന് ആവശ്യമായ എന്ത് സഹായവും നല്കാന് ഇന്ത്യ സന്നദ്ധത അറിയിച്ചു. അഫ്ഗാന് ജനതയുടെ വേദനയില്‍ പങ്കു ചേരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അഫ്ഗാനിലെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: