കൊല്ലം: വേനല്‍കാലത്ത് ഓക്സൈഡ് കലര്‍ന്ന മണ്ണിലെ പൊടിപടലങ്ങള്‍ ശ്വസിക്കണം, മഴക്കാലത്ത് ചുവന്ന നിറമാര്‍ന്ന വെള്ളത്തില്‍ ഇറങ്ങേണ്ട അവസ്ഥ. ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങള്‍ ഇന്നും കഷ്ടപ്പാടിലാണ്. കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതി. തെങ്ങുകളെല്ലാം കരിഞ്ഞുണങ്ങി, ഒരു മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ജനങ്ങള്‍. കെഎംഎല്‍എല്‍ വിതച്ച ദുരിതം പേറുന്ന ചിറ്റൂര്‍പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ കടുത്ത നിരാശയിലും അമര്‍ഷത്തിലുമാണ്. കമ്പനിയുടെ നിഷേധാത്മകനിലപാട് ഒരുവശത്ത്, എല്ലാമറിയുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടുത്ത അവഗണന മറുവശത്ത്.
അയണ്‍ ഓക്സൈഡ് നിറഞ്ഞ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന് കാണിച്ച് ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റൂര്‍ പ്രദേശത്തെ 73 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2014 മാര്‍ച്ച് മാസത്തില്‍ ഉത്തരവായി. നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ബജറ്റില്‍ 125 കോടി രൂപയും വകയിരുത്തി. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍വരികയും ചെയ്തു. എന്നാല്‍ ഇതിനുശേഷം സ്ഥലം ഏറ്റെടുക്കല്‍ നടപടി അവതാളത്തിലായി.
വീണ്ടും ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ ചിറ്റൂര്‍ പ്രദേശത്തെ 180 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2017 ഒക്ടോബര്‍ മാസത്തില്‍ ഭരണാനുമതി നല്കി. സ്ഥലം ഏറ്റെടുക്കുന്നതിന് കിന്‍ഫ്ര എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. സ്ഥലത്തെ ഏകദെശം 750 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക നല്കാനുമായി 1300 കോടി രൂപ ആവശ്യമായി വരുമെന്നു കണ്ടെത്തി.
കിന്‍ഫ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്കി. എന്നാല്‍ സ്ഥലത്തിന്റെ വില കൂടുതലാണെന്നും അത്രയും തുക ഒന്നായി എടുക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ചു 2019ല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദുചെയ്തു. തുടര്‍ന്ന് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഏറ്റവും മലീനികരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശത്തെ 30 ഏക്കര്‍ സ്ഥലം ഒന്നാംഘട്ടമെന്ന നിലയില്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം. സ്ഥലവില നിശ്ചയിക്കാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ജില്ലാ കളക്ടര്‍ വില നിശ്ചയിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇപ്പോഴും ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: