കോട്ടയം: ചുങ്കം മുതല്‍ കുടയംപടി വരെയുള്ള ഭാഗത്ത് ചൊവ്വാഴ്ച രാത്രി കണ്ടെയ്നര്‍ ലോറി പോയത് ദുരിതം വിതച്ചു കൊണ്ട്. നിരവധി വൈദ്യുതി ലൈനുകളും കേബിള്‍ ലൈനുകളും തകര്‍ത്തു കൊണ്ടായിരുന്നു ലോറിയുടെ സഞ്ചാരം. രാത്രി 9.15 നോടെയാണ് ജനങ്ങളെ ഇരുട്ടിലാക്കിയ സംഭവം അരങ്ങേറിയത്. പൂര്‍ണമായും അടച്ചു കെട്ടിയ നിലയിലുള്ള ഈ വാഹനം ചുങ്കം മുതലാണ് നാശം വിതച്ചത്.
നിയമാനുസൃതമുള്ളതിനേക്കാള് കൂടുതല്‍ പൊക്കമാണ് വാഹനത്തിനുള്ളത്. ഇതുകാരണം റോഡിനു കുറുകെ വലിച്ചിരുന്ന മുഴുവന്‍ ലൈനുകളും പൊട്ടിച്ചു കളഞ്ഞു. തിരുവാറ്റയിലെത്തിയപ്പോള് നാട്ടുകാര്‍ ചേര്‍ന്ന് വാഹനം തടഞ്ഞിടുകയായിരുന്നു. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് കാറുകളുമായി പോയതാണ് കണ്ടെയ്നര്‍ ലോറി. നഗരപ്രദേശങ്ങളില്‍ കൂടി സഞ്ചരിക്കുന്ന ഒരു വാഹനത്തിന് ലോഡ് ഉള്‍പ്പെടെ 16 അടിയിലും കൂടരുതെന്നാണ് നിയമം. എന്നാല്‍ ഈ കണ്ടെയ്നര്‍ ലോറിക്ക് 25 അടിയോളം ഉയരവും 50 അടിയോളം നീളവുമുണ്ട്. നിയമാനുസരണമല്ലാത്ത ഉയരത്തിലും നീളത്തിലുമുള്ള ഇത്തരം വാഹനം നഗരപ്രാന്തത്തിലൂടെ പോകുമ്പോള്‍ റോഡിനു കുറുകെ വലിച്ചിരിക്കുന്ന ലൈനുകള്‍ പൊട്ടിക്കാതെ കടന്നു പോകുവാന്‍ സാധ്യമല്ല.
സാധാരണ എംസി റോഡിലൂടെയാണ് ഇത്തരം വാഹനങ്ങള്‍ കടന്നു പോകാറുള്ളത്. അന്യസംസ്ഥാനക്കാരനായ ഡ്രൈവര്‍ക്ക് ആരോ തെറ്റായി എറണാകുളത്തേക്കുള്ള വഴി പറഞ്ഞു കൊടുത്തതാണ് വാഹനം ചുങ്കം വഴി വരുവാന്‍ കാരണമെന്ന് പറയുന്നു. എന്‍എല്‍ 01 എല്‍ 3453 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ഈ കണ്ടെയ്നര്‍ ലോറി റോഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി രാത്രി മുഴുവന്‍ പണി ചെയ്താണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: